
കണക്കുകൾ ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധിക്കും
കൊച്ചി: ദേവസ്വം ഫണ്ട് വെട്ടിച്ചതായി ആരോപണം നേരിടുന്ന തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ രക്ഷിക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തന്ത്രം പാളി. സമിതിക്ക് 'നോട്ടപ്പിശക്' സംഭവിച്ചതാണെന്നു നിരീക്ഷിച്ച് സമിതിയ്ക്കെതിരായ നടപടി അവസാനിപ്പിച്ച ദേവസ്വം ബോർഡ് തീരുമാനം തിരിച്ചടിച്ചു.
സമിതിയുടെ വരവുചിലവു കണക്കുകളും ബാങ്ക് ഇടപാടുകളും സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്മെന്റിനെക്കൊണ്ട് പരിശോധിപ്പിച്ച് നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ഓംബുഡ്സ്മാൻ കൊച്ചിൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. തൃശൂരിലെ കെ.നാരായണൻ കുട്ടി സമർപ്പിച്ച പരാതിയിലാണ് നിർദേശം. പരാതി വീണ്ടും ഏപ്രിൽ 22ന് പരിഗണിക്കും.
ദേവസ്വം ഓഡിറ്റിലും വിജിലൻസ് പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും മനപ്പൂർവം സംഭവിച്ചതല്ലെന്ന സമിതിയുടെ വിശദീകരണം സ്വീകരിച്ച് തുടർനടപടി ആവശ്യമില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നെന്ന് ദേവസ്വം കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
2021 മുതലുള്ള സമിതിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും ബന്ധപ്പെട്ട ദേവസ്വം രേഖകളും വിളിച്ചുവരുത്തണമെന്നും ഈ കാലയളവിൽ ബാങ്ക് ഇടപാടുകളൊന്നും നടന്നിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ഓംബുഡ്സ്മാൻ നിർദേശങ്ങൾ
• ചട്ടപ്രകാരം ഉപദേശക സമിതി വരവുചെലവു കണക്കുകൾ സമർപ്പിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അത് പരിശോധിച്ചിട്ടുണ്ടോ എന്നും ദേവസ്വം ബോർഡ് വ്യക്തമാക്കണം.
• ഹൈക്കോടതിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആർക്കെങ്കിലും ഉപദേശക സമിതിയിൽ അംഗത്വം നൽകിയിട്ടുണ്ടോ എന്ന് അറിയിക്കണം.
സി.പി.എം. ഇടപെടൽ
സി.പി.എം തൃശൂർ ലോക്കൽ സെക്രട്ടറി പങ്കജാക്ഷൻ പ്രസിഡന്റായ വടക്കുംനാഥൻ ക്ഷേത്രത്തിലെ ഉപദേശക സമിതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതാണ്. കാലാവധി കഴിഞ്ഞ ഈ സമിതിയെ തന്നെ കഴിഞ്ഞ ശിവരാത്രി മഹോത്സവ കമ്മിറ്റിയായി നിയോഗിക്കാൻ പാർട്ടി സമ്മർദ്ദം ചെലുത്തി. അന്യമതസ്ഥനായ പാർട്ടി സെക്രട്ടറി ഇതിനായി ദേവസ്വം ബോർഡിൽ നേരിട്ടെത്തിയത് വാർത്തയായിരുന്നു.
എങ്കിലും കേസ് ഭയന്ന് വഴങ്ങാതിരുന്ന ബോർഡ് തന്നെ ശിവരാത്രി മഹോത്സവം സംഘടിപ്പിച്ചു. പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് പാർട്ടിയുടെ മുൻ തൃശൂർ ഏരിയാ സെക്രട്ടറിയാണെന്നാണ് സൂചന. പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |