SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.42 AM IST

ആവേശച്ചൂടിൽ ആദ്യ ഞായർ: മീന ഭരണിയൂട്ട് വിളമ്പി സ്ഥാനാർത്ഥികൾ

arif

ആലുവ: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷമുള്ള ആദ്യ ഞായർ ആഘോഷമാക്കി സ്ഥാനാർത്ഥികളും പ്രവർത്തകരും. സ്ഥാപനങ്ങൾ, പൗരപ്രമുഖർ, കവലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാർത്ഥികളുടെ സന്ദർശനം. ബഹുഭൂരിപക്ഷം ബൂത്തുകളിലും മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെയും അഭ്യർത്ഥനകൾ പ്രവർത്തകർ വീടുകളിലെത്തിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദിവസങ്ങൾ കുറവായതിനാൽ ബൂത്തുകളിലെ പ്രവർത്തകർ സ്ക്വാഡുകളായി തിരിഞ്ഞാണ് അഭ്യർത്ഥനകൾ വിതരണം ചെയ്തത്.

അൻവർ സാദത്ത് (യു.ഡി.എഫ്)

ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് കാഞ്ഞൂർ, ശ്രീമൂലനഗരം, കീഴ്മാട്, എടത്തല പഞ്ചായത്തുകളിൽ പര്യടനം നടത്തി. തിരുനാരായണപുരം കോളനിയിലെ കുടുംബങ്ങളിൽ എം.എൽ.എ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു. ഒരു വീടിന്റെ മുൻവാതിലിൽ അൻവർസാദത്തിന്റെ ചിത്രം പതിച്ചിരിക്കുന്നത് കണ്ടത് പ്രവർത്തകരെ ആവേശത്തിലാക്കി.

എടനാട് പള്ളി തിരുനാളാഘോഷത്തിലും ചാലക്കൽ ആലക്കൽ ക്ഷേത്രോത്സവത്തിലും സംബന്ധിച്ചു.

യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്


യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 5ന് ആലുവ ടൗൺഹാളിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.

എ.എം.ആരിഫ് (എൽ.ഡി.എഫ്)

എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് കീഴ്മാട്, എടത്തല, ശ്രീമൂലനഗരം പഞ്ചായത്തുകളിൽ പര്യടനം നടത്തി. ചുണങ്ങംവേലി കൃപ സ്പെഷ്യൽ സ്കൂൾ കുട്ടികളെയും സിസ്റ്റേഴ്സിനെയും സന്ദർശിച്ചു. ചുണങ്ങംവേലി ആഗസ്ത്യൻ നിവാസ് സീനിയർ സിറ്റിസൺസ് ഹോം, സുഹൃദ് സദൻ, സെന്റ് ജോസഫ് പ്രൊവിഷ്യൽ ഹൗസ്, കോളനിപ്പടി, ബഥനി ആശ്രമം തപോവനം എന്നിവിടങ്ങളും സന്ദർശിച്ചു. തിരുവൈരാണിക്കുളം ക്ഷേത്ര ഹാളിൽ നടന്ന വിവാഹചടങ്ങിലും ചാലക്കൽ ആലക്കൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പ്രസാദഊട്ടിലും പങ്കെടുത്തു.

എം.എ. ബ്രഹ്മരാജ് (എൻ.ഡി.എ)

എൻ.ഡി.എ സ്ഥാനാർത്ഥി എം.എ. ബ്രഹ്മരാജ് വിവിധ മത-സാമൂഹിക കേന്ദ്രങ്ങളും വ്യാപാര മേഖലകളും സന്ദർശിച്ചു. മണപ്പുറം മഹാദേവക്ഷേത്രത്തിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തോട്ടക്കാട്ടുകരയിൽ അടിയന്തരാവസ്ഥ സമരപോരാളി സീതയുടെ വസതിയും തുടർന്ന് മാതൃശക്തി ബാലികസദനവും സന്ദർശിച്ചു. ആലുവ അദ്വൈതാശ്രമത്തിലെത്തി സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയുടെ അനുഗ്രഹം തേടി. ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി, കോൺവെന്റ്, ശ്രീനാരായണഗിരി, ഡോൺ ബോസ്കോ ആശ്രമം എന്നിവിടങ്ങളും സന്ദർശിച്ചു. ചാലക്കൽ ആലക്കൽ, കുറുമ്പക്കാവ് മേഖലകളിലെ ഭരണി ഊട്ടിലും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL