SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക സ്വാതന്ത്ര്യം; മലയാളി സ്ത്രീകളുടെ നമ്പർ വൺ കേരള സ്റ്റോറി!

woman

കൊച്ചി: ഡിജിറ്റൽ സാക്ഷരതയിലും സാമ്പത്തിക സ്വാതന്ത്ര്യത്തിലും കേരളത്തിലെ സ്ത്രീകൾ രാജ്യത്തിൽ ഒന്നാമത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ആറാമത് ദേശീയ കുടുംബാരോഗ്യ സർവേയിലാണ് (എൻ.എഫ്.എച്ച്.എസ്-6) വിവരം.

സ്മാർട്ട് ഫോൺ - ഇന്റർനെറ്റ് ഉപയോഗത്തിലും ബാങ്ക് അക്കൗണ്ടുകളുടെ വിനിയോഗത്തിലും കുടുംബപരമായ തീരുമാനങ്ങളിലുമെല്ലാം കേരളം കൈവരിച്ച നേട്ടം നിരത്തുന്നതാണ് പുതിയ സർവേ.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടുള്ള 15-49 പ്രായപരിധിയിലുള്ള സ്ത്രീകളുടെ എണ്ണം കേരളത്തിൽ 61.1ൽ നിന്ന് 87.3 ശതമാനമായി ഉയർന്നു. നഗരപ്രദേശങ്ങളിൽ 89.4 ശതമാനവും ഇന്റർനെറ്റ് ഉപയോഗിക്കുന്നു. സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സ്ത്രീകളുടെ നിരക്ക് 89.1 ശതമാനം.

തമിഴ്‌നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെയും സ്ത്രീകളിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ഉപയോഗം ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ്.

ബീഹാർ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ ഇന്റർനെറ്റ് ഉപയോഗം ഇപ്പോഴും ദേശീയ ശരാശരിയേക്കാൾ (64.3%) താഴെയാണ്. ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിലും അവ സ്വയം കൈകാര്യം ചെയ്യുന്ന സ്ത്രീകൾ ഈ സംസ്ഥാനങ്ങളിൽ കുറവാണ്. പണമിടപാടുകളിൽ സ്വന്തമായി തീരുമാനമെടുക്കുന്നവരും കുറവ്.

 നി‌ർണായക തീരുമാനം സ്ത്രീയുടേത്

സ്വന്തം ആരോഗ്യ സംരക്ഷണം, വീട്ടിലേക്ക് വലിയ സാധനങ്ങൾ വാങ്ങൽ, ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകൾ സന്ദർശിക്കൽ എന്നീ കുടുംബ തീരുമാനങ്ങളിൽ പങ്കാളികളാകുന്ന വിവാഹിതരായ സ്ത്രീകളുടെ നിരക്ക് കേരളത്തിൽ 96.5 ശതമാനമാണ്. സ്വന്തം ബാങ്ക് അക്കൗണ്ട് സ്വയം ഉപയോഗിക്കുന്നവർ 91.7 ശതമാനം. കഴിഞ്ഞ സർവേയിൽ 78.5 ആയിരുന്നു.

ശുചിത്വത്തിലും മുന്നിൽ

ആരോഗ്യ സംരക്ഷണത്തിലും കേരളം മുന്നിൽ. 15-24 പ്രായപരിധിക്കാരിൽ സുരക്ഷിതവും ശുചിത്വമുള്ളതുമായ ആർത്തവ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നവർ 92.5 ശതമാനമാണ്. ഉയർന്ന വിദ്യാഭ്യാസവും സാമൂഹിക അവബോധവുമാണ് മികച്ച സൂചികകൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.

കേരളാ ​സ്ത്രീകളുടെ നിലവാരം; നഗരം, ഗ്രാമം

 ഡിജിറ്റൽ സാക്ഷരത : 89.4%, 85.2%

 സാമ്പത്തിക സ്വാതന്ത്ര്യം : 92.6%, 90.9%

 കുടുംബ തീരുമാനങ്ങൾ : 97.5%, 95.6%

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL