കോലഞ്ചേരി: മഴക്കാലത്ത് ലോറേഞ്ച് - ഹൈറേഞ്ച് മേഖലകളിലേക്കുള്ള വിനോദയാത്രകൾ അപകടംവിതയ്ക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയിൽ മൺസൂൺ ശക്തിപ്രാപിച്ചതോടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, റോഡിടിച്ചിൽ തുടങ്ങിയ അപകടസാദ്ധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.
റോഡുകളിൽ ഏതുനിമിഷവും ദുരന്തസാഹചര്യങ്ങൾ രൂപപ്പെടാനിടയുള്ളതിനാൽ ദുരന്തനിവാരണ നിയമപ്രകാരം ചില മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മഴ കുറഞ്ഞാലും കോടമഞ്ഞ് വ്യാപകമായി രൂപപ്പെടുന്നതിനാൽ കാഴ്ചപരിധി കുറയുകയും അപകടസാദ്ധ്യത ഉയരുകയും ചെയ്യുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മഴക്കാലത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവർ സാഹസികതയ്ക്കപ്പുറം സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. വാഹനത്തിന്റെ സാങ്കേതിക സുരക്ഷ ഉറപ്പാക്കാതെയും കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ചും നടത്തുന്ന യാത്രകൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ
മോശം കാലാവസ്ഥയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക.
സമയം ലാഭിക്കാനായി അപരിചിത വഴികൾ തിരഞ്ഞെടുക്കരുത്.
വേഗത നിയന്ത്രിച്ച് വാഹനം ഓടിക്കുക.
മുന്നിലെ വാഹനവുമായി സുരക്ഷിത അകലം പാലിക്കുക.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
ടയർ, ബ്രേക്ക്, വൈപ്പർ, ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കുക.
വളവുകളിലും കാഴ്ചപരിധി കുറഞ്ഞ സ്ഥലങ്ങളിലും ഓവർടേക്ക് ചെയ്യരുത്.
ഗാട്ട് റോഡുകളിലെ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
കയറ്റം കയറിവരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക.
ഫസ്റ്റ് എയ്ഡ് കിറ്റ് കൈവശം കരുതുക.
കാലാവസ്ഥാ മുന്നറിയിപ്പുകളും ഔദ്യോഗിക അറിയിപ്പുകളും നിരന്തരം ശ്രദ്ധിക്കുക.
മഞ്ഞും മഴയും ഇരട്ട ഭീഷണി
മഴ കുറയുമ്പോൾ കോടമഞ്ഞ് മൂടുന്നതാണ് ഇടുക്കി ജില്ലയിലെ മിക്കവാറും റോഡുകൾ. പ്രതികൂല കാലാവസ്ഥയിൽ റോഡിന്റെ അവസ്ഥ ഏതു നിമിഷവും മാറാം. മുന്നോട്ടുള്ള കാഴ്ച തടസപ്പെടുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും.
എൻ.കെ. ദീപു,
എം.വി.ഐ,
കോതമംഗലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |