SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.35 PM IST

മത്സ്യമേഖലയിൽ നോളേജ് ക്ലസ്റ്റർ പരിഗണനയിലെന്ന് മന്ത്രി അബ്ദുൾ ഗഫൂർ

cmfri
ലോക സമുദ്രദിനാചരണ പരിപാടിയിൽ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ സി.എം.എഫ്.ആർ.ഐയുടെ പ്രസിദ്ധീകരണം പ്രകാശിപ്പിക്കുന്നു. ഡോ. ഗ്രിൻസൺ ജോർജ്, ഡോ. ശോഭ ജോ കിഴക്കൂടൻ എന്നിവർ സമീപം

കൊച്ചി: മത്സ്യമേഖലയിലെ ഗവേഷണഫലങ്ങളും സാങ്കേതികവിദ്യകളും പങ്കുവയ്‌ക്കുന്നതിനായി ഗവേഷണ സ്ഥാപനങ്ങളെയും ഏജൻസികളെയും കോർത്തിണക്കി 'നോളജ് ക്ലസ്റ്റർ' രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) സംഘടിപ്പിച്ച ലോക സമുദ്രദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ മത്സ്യബന്ധനമേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാൻ കൂട്ടായ്മ സഹായിക്കും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും ഏകോപനം. കാലാവസ്ഥാ വ്യതിയാനവും അത് മൂലമുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന മേഖലയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷനായി. സി.എം.എഫ്.ആർ.ഐയുടെ പ്രസിദ്ധീകരണങ്ങൾ മന്ത്രി പ്രകാശിപ്പിച്ചു. ഡോ. ശോഭ ജോ കിഴക്കൂടൻ സംസാരിച്ചു.

മുനമ്പം ഹാർബർ നവീകരണം
മുനമ്പം ഫിഷറീസ് ഹാർബർ വികസനത്തിനായുള്ള പ്രാഥമികപദ്ധതി നിർദ്ദേശം മന്ത്രി അബ്ദുൽ ഗഫൂർ വിലയിരുത്തി. 200 കോടി രൂപ ചെലവഴിക്കുന്ന പദ്ധതിയിലൂടെ മുനമ്പം ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. 12 മീറ്റർ വീതിയുള്ള റോഡുകളും മൾട്ടിലെവൽ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കും.

പരിസ്ഥിതി സൗഹൃദ ഇൻഫ്രാസ്ട്രക്ചർ, ആധുനിക മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഊർജ്ജക്ഷമതയുള്ള സൗകര്യങ്ങൾ എന്നിവയോടെ 'ഗ്രീൻ സ്മാർട്ട് ഹാർബർ' ആയി വികസിപ്പിക്കും. നാവികസുരക്ഷ ഉറപ്പാക്കാൻ പുതിയ സിഗ്‌നൽസ്റ്റേഷൻ സ്ഥാപിക്കും. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന, സാഗർമാല തുടങ്ങിയ കേന്ദ്ര പദ്ധതികളിൽനിന്ന് ധനസഹായം ഉറപ്പാക്കാൻ ഒരു മാസത്തിനകം ഹാർബറിന്റെ ത്രീഡി പ്രൊജക്ട് മോഡൽ തയ്യാറാക്കും.

അവലോകനയോഗത്തിൽ ഹൈബി ഈഡൻ എംപി, ടോണി ചമ്മണി എം.എൽ.എ., ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത ആർ. നായർ, ജോയിന്റ് ഡയറക്ടർ ആശ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CMFRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL