SignIn
Kerala Kaumudi Online
Saturday, 25 July 2026 1.07 AM IST

16 വർഷം മുമ്പത്തെ യൂത്ത് കോൺ. പ്രവർത്തകന്റെ കൊലപാതകം പുനരന്വേഷണത്തിന്

sajesh
പി. സാജേഷ്

പ്രതികൾ സി.പി.എം, സി.ഐ.ടി.യു. പ്രവർത്തകർ

പയ്യന്നൂർ: പതിനാറു വർഷം മുൻപ് നടന്ന മാതമംഗലം വെള്ളോറയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പി. സാജേഷിന്റെ കൊലപാതകം സംബന്ധിച്ച് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. സാജേഷിന്റെ സഹോദരൻ പി. ജയരാജന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പുനരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാറിനാണ് അന്വേഷണച്ചുമതല.

2010 ജൂൺ 16ന് രാത്രിയാണ് പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളോറയിൽ പയ്യന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന പി. സാജേഷിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാജേഷ് പിറ്റേന്ന് കാലത്ത് മരണപ്പെട്ടു.

സി.പി.എം, സി.ഐ.ടി.യു പ്രവർത്തകരുടെ ആക്രമണത്തിലാണ് സാജേഷ് കൊല്ലപ്പെട്ടതെന്നായിരുന്നു ആരോപണം. തികച്ചും രാഷ്ട്രീയ പ്രേരിതമായ കൊലപാതകത്തെ സദാചാര കൊലപാതകമായി ചിത്രീകരിക്കാനും അതുവഴി കുടുംബത്തെ അപമാനിക്കുവാനുമാണ് അന്ന് പൊലീസ് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തെറ്റായ കാര്യങ്ങൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്തി പൊലീസ് കേസ് അട്ടിമറിച്ചെന്നും പരാതി ഉയർന്നു.

നിരവധി പ്രതികൾ ഉണ്ടായിട്ടും രണ്ട് പ്രതികളെ മാത്രം അറസ്റ്റ് ചെയ്യുകയും യഥാർത്ഥ പ്രതികളെ കേസിൽ ഉൾപ്പെടുത്താതെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്നും സി.പി.എം- സി.ഐ.ടി.യു പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് സഹോദരൻ ജയരാജൻ കോടതിയിൽ നൽകിയ മൊഴി. എന്നാൽ നേരത്തെ പൊലീസിന് നൽകിയ ഈ മൊഴികൾ ഒന്നും രേഖപ്പെടുത്താതെയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നും എഫ്.ഐ.ആറിൽ തന്നെ ഭീഷണിപ്പെടുത്തിയാണ് ഒപ്പുവയ്പ്പിച്ചതെന്നും ജയരാജൻ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയരാജൻ കോടതിയിൽ നൽകിയ മൊഴിയും ആഭ്യന്തരവകുപ്പിന് നൽകിയ പരാതിയും പരിഗണിച്ചാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. പുനരന്വേഷണം നടത്തുവാനുള്ള തീരുമാനം ക്രൈംബ്രാഞ്ച് താമസിയാതെ കോടതിയെ അറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, YOUTH CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL