അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്ഷനിലെ അനധികൃത പാർക്കിംഗും നടപ്പാത കൈയേറിയുള്ള കച്ചവടവും ഗതാഗതക്കുരുക്ക് പതിവാക്കുന്നു. പെരുമൺ, അഷ്ടമുടി, പനയം, പ്രാക്കുളം ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡിലാണ് ദിവസവും മണിക്കൂറുകളോളം
വാഹനങ്ങളും യാത്രക്കാരും കുരുക്കിൽപ്പെടുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതിനാൽ കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും ഇടമില്ല. വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങൾ നടവഴിയിലേക്ക് ഇറക്കിവയ്ക്കുന്നതാണ് മറ്റൊരു വിഷയം. ഇതോടെ സ്കൂൾ വിദ്യാർത്ഥികൾ, വൃദ്ധർ, സ്ത്രീകൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
സമീപത്തെ ബിവറേജസ് ഔട്ട്‌ലെറ്റിലെത്തുന്നവരുടെ വാഹനങ്ങളും റോഡരികിൽ പാർക്ക് ചെയ്യുകയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ തിരക്കാണ്. രാത്രിയിൽ ബിറേജസ് ഔട്ട് ലെറ്റിൽ തിരക്ക് കൂടുമ്പോഴാണ് ദുരിതം ഇരട്ടിക്കുന്നത്. ചെറിയൊരു ഗതാഗത തടസം പോലും മിനിറ്റുകൾക്കകം വൻകുരുക്കായി മാറുന്നു.
ചരക്ക് ലോറികളും തലവേദന
ചരക്ക് ഇറക്കുന്നതിനായി കടകൾക്ക് മുന്നിൽ വാഹനങ്ങൾ നിറുത്തുന്നതും ഗതാഗതം കൂടുതൽ സങ്കീർണമാക്കുന്നു. ഓട്ടോറിക്ഷകൾ യാത്രക്കാരെ കാത്ത് റോഡരികിൽ നിറുത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്. അഞ്ചാലുംമൂട് ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടാൽ അതിന്റെ പ്രതിഫലനം സമീപത്തെ കൊല്ലം-തേനി ദേശീയപാതയിലും അനുഭവപ്പെടുന്നത് പതിവാണ്.
അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പൊലീസ് ഇടപെടൽ വേണം. നടപ്പാത കൈയേറ്റം അവസാനിപ്പിക്കണം. സ്ഥിരം പൊലീസ് പരിശോധനയും കർശന നടപടിയും പ്രശ്നത്തിന് ചെറുതായെങ്കിലും പരിഹാരമാകും
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |