ഏലൂർ: മലയാള സിനിമയ്ക്ക് നിരവധി പ്രതിഭകളെ സംഭാവന നൽകിയ ഏലൂരിൽ തിയേറ്ററുകൾ ഇല്ലാതാകുന്നു. ഉദ്യോഗമണ്ഡൽ ടാക്കീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ സിനിമാപ്രേമികൾ ഇരിക്കെ, പുനരുദ്ധാരണ ജോലികൾ ഉപേക്ഷിച്ച് കരാറുകാരൻ പിന്മാറി. മഞ്ഞുമ്മലിലെ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിൽ തിയേറ്റർ വരുമെന്ന മുൻ ചെയർപേഴ്സന്റെ വാഗ്ദാനവും നടപ്പായില്ല.
മുമ്പ് നാലു സ്ഥിരം തിയറ്ററുകളുണ്ടായിരുന്ന ഏലൂർ നഗരസഭയിൽ ഇന്ന് ഒന്നുപോലുമില്ല. 1950-ൽ മഞ്ഞുമ്മൽ ശങ്കർ ഫാർമസിക്ക് എതിർവശം പി.എസ്. രാമകൃഷ്ണന്റെ മൂന്നര ഏക്കർ സ്ഥലത്ത് കൈരളി ടാക്കീസ് എന്ന പേരിൽ ആദ്യ താത്കാലിക തിയേറ്റർ തുടങ്ങി. 1960-ൽ ഇപ്പോഴത്തെ സുബ്രഹ്മണ്യ ക്ഷേത്രഭൂമിയിൽ ശ്രീമുരുക ടാക്കീസും ഫാക്ട് ഫെഡോ സ്ഥലത്ത് കാസ്റ്റൽ ടാക്കീസും പ്രവർത്തനം ആരംഭിച്ചു. ഫാക്ട് ഉദ്യോഗസ്ഥരായ ഡോ. ഒ.പി. ആർ.മേനോൻ, ചാക്കോ, ടി.വി. ഐപ്പ്, കെ.കെ. കുട്ടപ്പൻ, എം.കെ.കേശവൻ, പി.എ.ഭാസ്കരൻ എന്നിവരായിരുന്നു കാസ്റ്റൽ ടാക്കീസിന്റെ ഉടമസ്ഥർ. ജനറേറ്ററിൽ പ്രവർത്തിച്ചിരുന്ന ഇവിടെ ഡേവറി മെഷീൻ എന്ന സിംഗിൾ പ്രൊജക്ടറാണ് ഉപയോഗിച്ചിരുന്നത്.
1962-ൽ ഫാക്ട് സി.എം.ഡി.യായിരുന്ന എം.കെ.കെ.നായരാണ് ഉദ്യോഗമണ്ഡൽ ടാക്കീസിന് ആരംഭം കുറിച്ചത്. രാസവളം നിർമ്മാണ ശാലയായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം സിനിമാതിയേറ്റർ നടത്തുന്നത് രാജ്യത്ത് ആദ്യത്തേതും അവസാനത്തേതുമായ സംഭവം. പ്രശസ്ത നിർമ്മാതാവ് പരീക്കുട്ടിയ്ക്കായിരുന്നു വാടകയ്ക്ക് നടത്തിപ്പ്. രാത്രി ഷിഫ്ടിൽ ജോലിക്കുവരുന്ന വ്യവസായ മേഖലയിലെ ജീവനക്കാർക്ക് പകുതി നിരക്കിൽ സിനിമയും കാണാമായിരുന്നു.
1973ൽ മഞ്ഞുമ്മൽ ആരാധന തുടങ്ങി. എറണാകുളത്തുകാരൻ പൈ ആയിരുന്നു ഉടമ. ഉണ്ണിമേരിയായിരുന്നു ഉദ്ഘാടനം. ആദ്യ ചിത്രം ഹിന്ദി സിനിമ ആരാധന.
1979 ൽ നാടക-സിനിമാ നടനായ ജോർജ് കണക്കശേരി സംഗീത ടാക്കീസ് തുടങ്ങി. ഉദ്ഘാടനം എം.കെ.കെ.നായർ.
1977 ൽ ഫാക്ട് ജീവനക്കാരനായ വി.എൻ കമലാക്ഷൻ പിള്ള തുടങ്ങിയ പാതാളം ഗീത തിയേറ്റർ. ഉദ്ഘാടനം ഫാക്ട് ജി.എം എം.വി. ജയശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |