
കൊച്ചി: നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് പൊലീസിന്റെ രഹസ്യ സ്‌ക്വാഡെന്ന വ്യാജേന ബിസിനസുകാരന്റെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാസർകോട് സ്വദേശി പി.എ. ഷെമീറാണ് (39) പിടിയിലായത്. കേസിലെ രണ്ടാം പ്രതിയായ ഇയാളെ കാസർകോട് നിന്നാണ് പിടികൂടിയത്. ഒന്നാം പ്രതിയടക്കം മൂന്ന് പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കണ്ണൂർ സ്വദേശിയാണ് ഡ്രൈവർ. ഇയാളും കൂട്ടാളികളും ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയതായി ആരോപണമുണ്ട്. ഇത്തരത്തിൽ നഷ്ടപ്പെട്ട എട്ട് ലക്ഷം രൂപ തിരികെ ലഭിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കണ്ണൂർ സ്വദേശി നോട്ട് ഇരട്ടിപ്പ് കേസിലെ പ്രതിയെന്ന സൂചനയുണ്ട്.
ഈ മാസം ഒന്നിന് രാത്രിയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ അഞ്ചാം തീയതി രാവിലെ ഇയാളെ സംഘം കോയമ്പത്തൂരിലെ വഴിയരികിൽ ഉപേക്ഷിച്ചു. രക്ഷപ്പെട്ട യുവാവ് പൊലീസിന് മുന്നിൽ ഹാജരാകാതെ ഒളിവിലാണ്. ഇയാൾക്കായും തിരച്ചിൽ നടത്തുന്നുണ്ട്.
പൊലീസ് സ്‌ക്വാഡാണെന്ന് അവകാശപ്പെട്ടാണ് സംഘം യുവാവിനെ ബലപ്രയോഗത്തിലൂടെ കാറിൽ കയറ്റിക്കൊണ്ടുപോയത്. യുവാവിന്റെ മാതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺകോളിന്റെ ഉറവിടം തൃശൂരാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് പ്രതികളുടെ വീട്ടിലെത്തിയതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
യുവാവിനെ ബലമായി കൊണ്ടുപോകുന്നത് കണ്ട ടാക്സി ഡ്രൈവർ ഉടൻതന്നെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഈ വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്. തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് മറ്റൊരു കാറിലേക്ക് ചാക്കിൽ പൊതിഞ്ഞ നിലയിൽ ചില സാധനങ്ങൾ ഇയാൾ കൈമാറിയിരുന്നു. ഹവാല ഇടപാടെന്നാണ് പൊലീസ് സംശയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |