
കാലടി: ശ്രീമൂലനഗരം സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലെ കിണർ കാടുകയറിയ നിലയിൽ. കിണറിന്റെ അകവും പുറവും പൂർണമായും കാടുപിടിച്ചതോടെ ഇഴജന്തുക്കളുടെയും എലികളുടെയും താവളമായി മാറി. ജീവനക്കാർക്കും ഓഫീസിലെത്തുന്നവർക്കും ആവശ്യമായ വെള്ളമെത്തിക്കുന്ന ഏക ജലസ്രോതസാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്.
മഴക്കാലപൂർവ ശുചീകരണം നടത്താത്തതിനാൽ കിണറിലെ വെള്ളം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. മലയാറ്റൂർ മുതൽ ശ്രീമൂലനഗരം വരെയുള്ള നാല് പഞ്ചായത്തുകളിലെ ആറ് വില്ലേജുകളുടെ രജിസ്ട്രേഷൻ നടപടികൾ നടക്കുന്ന പ്രധാന ഓഫീസാണിത്. പ്രതിദിനം നൂറുകണക്കിന് ആളുകളെത്തുന്ന ഇവിടെ കുടിവെള്ളത്തിനും ശൗചാലയ ആവശ്യങ്ങൾക്കും ഈ കിണറിനെയാണ് ആശ്രയിക്കുന്നത്.
അധികൃതരുടെ അനാസ്ഥ
ജീവനക്കാർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിനാലാണ് പൊതുകിണർ നശിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് സർക്കാർ ഓഫീസിനുള്ളിൽ തന്നെ ഇത്തരം സാഹചര്യം. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് കിണർ ശുചീകരിക്കണമെന്നാണ് ആവശ്യം.
അടിയന്തരമായി കിണറും പരിസരവും വൃത്തിയാക്കണം. ഇഴജന്തുക്കളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പുവരുത്തണം.
പി.ഐ.നാദിർഷ,
ഐ.എൻ.ടി.യു.സി കാഞ്ഞൂർ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |