SignIn
Kerala Kaumudi Online
Thursday, 25 June 2026 1.57 AM IST

'യുവത കൂട്ടായ്മ' കൊയ്തെടുത്തു നെൽക്കൃഷിയിൽ പുതിയ വിജയഗാഥ അരിയാക്കി നൽകാൻ മില്ലും തുടങ്ങി

krishi
പനയാലിലെ യുവത സംഘം അംഗങ്ങൾ കൃഷിപണിയിൽ

കാഞ്ഞങ്ങാട്: പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനും തരിശ് വയലുകളിൽ നെൽകൃഷി ഇറക്കാനും പനയാലിൽ ആരംഭിച്ച യുവ കൂട്ടായ്മയുടെ പരിശ്രമം ഹിറ്റായി. ഒമ്പത് വർഷം മുമ്പ് 13 പേർ ചേർന്ന് രൂപീകരിച്ച യുവത സ്വയം സഹായസംഘമാണ് തരിശുഭൂമിയിൽ കൃഷിയിറക്കി മാതൃക സൃഷ്ടിച്ചതിന് പുറമെ നെല്ല് പുഴുങ്ങിയെടുത്ത് കുത്തി അരിയാക്കി വില്പന നടത്താനും ഒരുങ്ങുന്നത്.

കൂലിപണിയെടുക്കുന്നവർ, സഹകരണ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. പരമ്പാഗതമായി കൃഷിചെയ്യുന്ന കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മാത്രമാണ് സംഘത്തിലുള്ളതെങ്കിലും കൃഷിയിൽ 'മാതൃകാപുരുഷന്മാർ' ആണ് ഇന്ന് ഇവർ. 2017ൽ തുടങ്ങിയ സംഘം കൊവിഡ് കാലത്ത് പള്ളിക്കര ബീച്ചിലെ 15 ഏക്കർ സ്ഥലത്ത് കൃഷി ചെയ്തു നെല്ലുവിളയിച്ച് അത്ഭുതം സൃഷ്ടിച്ചു.

മുമ്പ് പുകയില കൃഷി ചെയ്തിരുന്ന തരിശുഭൂമിയിൽ ആയിരുന്നു ഇവർ നെല്ലുവിളയിച്ചത്. തുടർച്ചയായി എല്ലാവർഷവും നെൽകൃഷിയും പച്ചക്കറികളും ചെണ്ടുമല്ലി കൃഷിയും ചെയ്തുവന്നിരുന്നു. തരിശുഭൂമിയിലും പാട്ടത്തിനെടുത്ത വയലിലും പതിവായി കൃഷിചെയ്തു. ഇത്തവണയും പനയാലിലെ രണ്ട് ഏക്കർ വയലിൽ നെൽകൃഷി ചെയ്യുന്നതിന് ഞാറു നട്ടു കഴിഞ്ഞു.

അതിന് പുറമെയാണ് കൃഷി ചെയ്തുകിട്ടുന്ന നെല്ല് പുഴുങ്ങിയെടുത്ത് കുത്തി അരിയാക്കി വില്പന നടത്താൻ കിഴക്കേക്കരയിൽ സ്വന്തമായി മില്ലും തുടങ്ങിയത്. ഒരു ക്വിന്റൽ നെല്ല് വരെ ഒരുമിച്ചു പുഴുങ്ങി കുത്തിയെടുക്കാനുള്ള സംവിധാനം 'യുവത' റൈസ്, ഫ്‌ളവർ ആൻഡ് ഓയിൽ മില്ലിലുണ്ട്. നെല്ലുകൾ മുഴുവൻ ഇടനിലക്കാർ നിസാര വില നൽകി കൊണ്ടുപോകുന്നത് കണ്ടാണ് സ്വന്തമായി മില്ല് തുടങ്ങാൻ യുവാക്കളെ പ്രേരിപ്പിച്ചത്. ഹേമന്ത് പനയാൽ പ്രസിഡന്റും അരുൺ കുമാർ സെക്രട്ടറിയുമായ സംഘത്തിലെ എട്ട് അംഗങ്ങൾ മില്ലിൽ പാർട്ണർമാരാണ്. അഗ്രി ഇൻഫ്രാ പോർട്ടറിൽ രജിസ്റ്റർ ചെയ്തു സാമ്പത്തിക സഹായത്തോടെ 2022 ഡിസംബറിൽ തുടങ്ങിയതാണ് മില്ല്. പിന്നീട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായവുമുണ്ടായി. കൃഷിവകുപ്പും പഞ്ചായത്ത് അധികൃതരും നല്ല പിന്തുണ നൽകി. കുത്തിയെടുക്കുന്ന അരി മില്ലിൽ നിന്ന് തന്നെ വില്പന നടത്തുകയാണ്. കുത്തിയരിക്ക് നാട്ടിൽ നല്ല ഡിമാൻഡാണെന്ന് സ്ഥാപക സെക്രട്ടറി രാകേഷ് പനയാൽ പറയുന്നു.

യുവാക്കൾ കൃഷിയിലേക്ക് കടന്നുവരുന്നത് സന്തോഷകരമായ കാര്യമാണ്. പനയാലിലെ യുവാക്കളുടെ ഈ സംരംഭം ഭക്ഷ്യസുരക്ഷയ്ക്കും കാർഷിക മേഖലയ്ക്കും വലിയ പ്രചോദനമാകും.

ടി.ശോഭന, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്

നെൽകൃഷി വലിയ ലാഭകരമല്ലെങ്കിലും മോശമല്ലാത്ത വരുമാനം കൃഷിയിലൂടെ സംഘത്തിന് ലഭിക്കുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കലും ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകർഷിക്കലും തന്നെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

രാകേഷ് പനയാൽ, സംഘം സ്ഥാപക സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL