കൊച്ചി: മയക്കുമരുന്നിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനും അവരെ പുനരധിവസിപ്പിക്കാനും ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. തൃക്കാക്കര ഭാരത മാത കോളേജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അറിഞ്ഞും അറിയാതെയും മയക്കുമരുന്നിന് അടിമപ്പെട്ടു പോകുന്നവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടതും പുനരധിവാസം ഉറപ്പാക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകൾ തുടങ്ങുന്നതിനായി രണ്ട് കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷയായി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എസ്. അരുൺ നായർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ ആർ. മനോജ് കുമാർ, ആലുവ നാർക്കോട്ടിക് ഡിവൈ.എസ്.പി ഉമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വിമുക്തി മിഷൻ, എറണാകുളം ജില്ലാ ഭരണകൂടം, ജില്ലാ പൊലീസ്, മുളവുകാട് പഞ്ചായത്ത്, ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വല്ലാർപാടം സെന്റ് മേരീസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ഫൺ റണ്ണും മന്ത്രി ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |