
ആലുവ: പട്ടികജാതി കുട്ടികൾ എന്നും ഓലപ്പുരയിലും മൺത്തറയിലും കിടന്നാൽ മതിയെന്നാണ് ഇപ്പോഴും ചില സവർണ മാടമ്പി ഉദ്യോഗസ്ഥർ ചിന്തിക്കുന്നതെന്നാണ് പട്ടികജാതി വിഭാഗക്കാരായ ആൺകുട്ടികൾക്കായി ആലുവയിൽ നിർമ്മിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റൽ കണ്ടാൽ തോന്നുക. ഉദ്ഘാടനം കഴിഞ്ഞ് അഞ്ചര വർഷം പിന്നിട്ടിട്ടും ഹോസ്റ്റൽ ഇതുവരെ പ്രവർത്തന സജ്ജമായില്ല.
കോടികൾ മുടക്കി നിർമ്മിച്ച മൂന്ന് നില കെട്ടിടം 2021 ഫെബ്രുവരി 11ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആലുവ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് ഓഫീസിന് പിന്നിൽ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിന് സമീപമാണ് കെട്ടിടം. ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് നടന്ന ഉദ്ഘാടന മാമാങ്കത്തിൽ ഉൾപ്പെട്ട കെട്ടിടമായിരുന്നു.
വാഗ്ദാനം സൗജന്യ താമസവും ഭക്ഷണവും
ഇപ്പോൾ ഇഴജന്തുക്കളുടെ കേന്ദ്രം
ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന എസ്.സി, എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് ഭക്ഷണമുൾപ്പെടെ സൗജന്യ താമസസൗകര്യമാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. ഒരേസമയം, നൂറിലേറെ കുട്ടികൾക്ക് താമസിക്കാം. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കാൻ പണമില്ലാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രയാസപ്പെടുമ്പോഴാണ് എല്ലാ സൗകര്യങ്ങളുമുള്ള സർക്കാർ കെട്ടിടം ഉപയോഗിക്കാതെ നശിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം ഹോസ്റ്റലിലേക്കാവശ്യമായ ഫർണിച്ചർ എത്തിയിരുന്നു. എന്നാൽ, ഹോസ്റ്റലും പരിസരവും കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമാണ്. ഹോസ്റ്റൽ മുറികളും ഓഫീസുമെല്ലാം മാറാല പിടിച്ചു. കെട്ടിടം ഉപയോഗിക്കാതായതോടെ ഫർണിച്ചറുകളെല്ലാം നശിക്കുകയാണ്.
തസ്തിക അനുവദിച്ചിട്ടില്ലെന്ന്
ഹോസ്റ്റൽ തുറക്കാൻ വൈകുന്നത് തസ്തിക അനുവദിച്ചിട്ടില്ലാത്തതിനാലാണെന്നാണ് പറയുന്നത്. കഴിഞ്ഞ അദ്ധ്യായനവർഷം ഹോസ്റ്റൽ തുറക്കാൻ തീരുമാനിച്ചതാണെങ്കിലും നടന്നില്ല. ഈ അദ്ധ്യായന വർഷം കോളേജുകൾ തുറക്കുന്നതിന് മുമ്പെങ്കിലും ഹോസ്റ്റൽ തുറക്കണമെന്നാഗ്രഹിക്കുന്നവരുണ്ട്.
പട്ടികജാതി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചര വർഷം പിന്നിട്ടിട്ടും തുറക്കാത്തതിനെതിരെ സമരം ആരംഭിക്കും. പട്ടികജാതി ഫണ്ട് ചെലവഴിച്ച ശേഷം പ്രവർത്തന സജ്ജമാക്കാത്തത് അവഹേളനമാണ്. അടിയന്തരമായി ഹോസ്റ്റൽ തുറക്കാൻ നടപടിയുണ്ടാകണം.
രമേശ് പുന്നക്കാടൻ
സംസ്ഥാന സെക്രട്ടറിയേറ്റംഗം
കെ.പി.എം.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |