
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുന്നു. ചക്രവാതച്ചുഴികൾ, ന്യൂനമർദ്ദ പാത്തികൾ, അറബിക്കടലിൽ ശക്തിപ്രാപിക്കുന്ന സോമാലി ജെറ്റ് എന്നിവയുടെ സ്വാധീനഫലമായാണ് മഴ സജീവമാകുന്നത്. എൽനിനോ പ്രതിഭാസം മൂലം മൺസൂണിന്റെ തുടക്കത്തിൽ ലഭിച്ച മഴ പിന്നീട് കാര്യമായി കുറഞ്ഞു.
പശ്ചിമതീരത്ത് മേഘരൂപീകരണം ശക്തമായതിനാൽ ജൂലായ് എട്ടുവരെ ജില്ലയിലടക്കം പെരുമഴ പെയ്യുമെന്നാണ് പ്രവചനം. ജൂലായ് ആദ്യവാരം ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ ശക്തിപ്രാപിച്ചാൽ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിലും വരുംദിവസങ്ങളിൽ മഴ കനത്തേക്കും.
സംസ്ഥാനത്ത് മൺസൂൺ മഴലഭ്യതയിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. സാധാരണ ലഭിക്കേണ്ട 600 മില്ലിമീറ്റർ മഴയ്ക്ക് പകരം 385.7 മില്ലിമീറ്റർ മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. 36 ശതമാനം കുറവാണിത്. വയനാട് ജില്ലയിലാണ് ഏറ്റവും മഴക്കുറവ് (67ശതമാനം). തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ലക്ഷദ്വീപിലും മാത്രമാണ് നിലവിൽ സാധാരണ തോതിലുള്ള മഴ ലഭിച്ചത്. പുതിയ ന്യൂനമർദ്ദങ്ങളുടെ വരവോടെ ഈ കുറവ് പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
ഭേദപ്പെട്ട മഴകിട്ടിയത്
തിരുവനന്തപുരം (0% )
പത്തനംതിട്ട (17%)
കോട്ടയം (19%)
ലക്ഷദ്വീപ് (10%)
മഴക്കുറവുള്ള ജില്ലകൾ
വയനാട്: 67%
ഇടുക്കി: 53%
കണ്ണൂർ 43%
കാസർകോട്: 43%
പാലക്കാട്: 40%
തൃശൂർ 34%
കൊല്ലം: 34%
ആലപ്പുഴ: 30%
കോഴിക്കോട്: 28%
എറണാകുളം: 27%
മലപ്പുറം: 23%
പരക്കെ മഴ, നേര്യമംഗലത്ത് 23.5
സംസ്ഥാനത്ത് ഇന്നലെ പരക്കെ മഴപെയ്തു. കോഴിക്കോട് ഉറുമിയിലാണ് ശക്തമായ മഴ പെയ്തത്. നാല് മണിക്കൂറിർ പെയ്തത് 55.5 മില്ലീമീറ്റർ. കാസർകോട് പാണത്തൂരിൽ 46 മില്ലീമീറ്ററും കോഴിക്കോട് നഗരത്തിൽ 35 മില്ലീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം കാട്ടായിക്കോണത്ത് 33 മില്ലീമീറ്ററും കാസർകോട് മുളിയാറിൽ 26 മില്ലീമീറ്ററും ചെമ്പൻകോട് 25 മില്ലീമീറ്ററും മഴയും രേഖപ്പെടുത്തി. തിരുവനന്തപുരം പള്ളിപ്പുറത്ത് 24 മില്ലീമീറ്റർ മഴ പെയ്‌പ്പോൾ നേര്യമംഗലം, കുന്നമംഗലം, പെരിങ്ങോം പ്രദേശങ്ങളിൽ 23.5 മില്ലീമീറ്റർ ശക്തമായ മഴയാണ് പെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |