കൊച്ചി: കാലവർഷം കനത്തതോടെ ജില്ലയിൽ പകർച്ചവ്യാധികൾ അതീവ ഗുരുതരമായ വ്യാപനത്തിലേക്ക് നീങ്ങുന്നു. ജൂൺ 20 മുതൽ 29 വരെയുള്ള പത്തു ദിവസത്തിനിടെ ജില്ലയിൽ 131 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതേ കാലയളവിൽ 21 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. പാമ്പാക്കുടയിൽ ഒരു ഷിഗല്ല കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ (ഒ.പി വിഭാഗം) ആകെ എണ്ണം 8,431 ആണ്. ഇതിൽ 180 പേർ കിടത്തി ചികിത്സ തേടി.
13 എലിപ്പനി കേസുകൾ
പത്തു ദിവസമായി ജില്ലയിൽ 21 എലിപ്പനി കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 26-ാം തീയതിയിലെ റിപ്പോർട്ടിൽ എലൂർ മേഖല എലിപ്പനി ബാധിതമായി രേഖപ്പെടുത്തിയിട്ടുണ്ട്. 24ന് കൊടനാട് പ്രദേശത്ത് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, 23ന് തിരുവാണിയൂർ, മഞ്ഞപ്ര, കോതമംഗലം, പെരുമ്പാവൂർ, കടയിരുപ്പ്, വേങ്ങൂർ, മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു. 22ന് പെരുമ്പാവൂരിലും, 21ന് എരൂരിലും, 20ന് മഞ്ഞീട്, അയ്യമ്പുഴ, കോതമംഗലം എന്നീ സ്ഥലങ്ങളിലും എലിപ്പനി കേസുകൾ കണ്ടെത്തി. 26ലെ റിപ്പോർട്ട് പ്രകാരം എരൂരിലെ 63 വയസുള്ള ആളുടെ മരണം എലിപ്പനി കാരണമെന്ന് സ്ഥിരീകരിച്ചു. 26ന് ഏലൂരിലും 27ന് പെരുമ്പാവൂർ, കോതമംഗലം, കാക്കനാട്, കടയിരുപ്പ്, കരുമല്ലൂർ, മുളന്തുരുത്തി, നെല്ലിക്കുഴി, ഒക്കൽ, വാഴക്കുളം എന്നിവിടങ്ങളിലും എലിപ്പനിക്കേസുകൾ റിപ്പോർട്ട് ചെയ്തു.
ഡെങ്കിപ്പനി സ്ഥിരീകരിച്ചത്
(തീയതി, കേസുകൾ - ബ്രായ്ക്കറ്റിൽ, ഹോട്ട് സ്പോട്ടുകൾ എന്ന ക്രമത്തിൽ)
ജൂൺ 29 (1) ഉദയംപേരൂർ
ജൂൺ 28 (13) ചൂണ്ടിണിക്കര, ഒക്കൽ, മഴുവന്നൂർ, മാഞ്ഞീട്, വേങ്ങോള, എലൂർ, രായമംഗലം, കാലടി
ജൂൺ 27 (10) ബിനാനിപുരം, ചൂണ്ടി, ഇടപ്പള്ളി, ഏലൂർ, എഴിക്കര, മലയാറ്റൂർ-നീലേശ്വരം, മുളന്തുരുത്തി, പട്ടിമറ്റം, പെരുമ്പാവൂർ, തമ്മനം
ജൂൺ 26 (14) ചോറ്റാനിക്കര, കളമശേരി, കുന്നത്തുനാട്, പിറവം
ജൂൺ 25 (6) എലൂർ, കളമശേരി, എഴിക്കര, ആലുവ, കാലടി
ജൂൺ 24 (13) ആലുവ, എടത്തല, എഴിക്കര, കളമശേരി, കുന്നത്തുനാട്
ജൂൺ 23 (24) ആലങ്ങാട്, ആലുവ, അങ്കമാലി, എളമക്കര, എലൂർ, കാക്കനാട്
ജൂൺ 22 (1) ഉദയംപേരൂർ
ജൂൺ 21 (12) ചോറ്റാനിക്കര, പനങ്ങാട്, തൃക്കാക്കര, തൃപ്പൂണിത്തുറ
ജൂൺ 20 (37) അങ്കമാലി, കാക്കനാട്, കളമശേരി, പാമ്പാക്കുട, വരാപ്പുഴ
ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ്
വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണമെന്നും കൊതുക് ഉറവിടങ്ങൾ നശിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, തലവേദന, ശാരീരിക അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. എലിപ്പനി , മറ്റ് പകർച്ചപ്പനികൾ എന്നിവയ്ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |