
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള സമുദായ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും തുടർനടപടികളും സാങ്കേതിക തകരാറുമൂലം താളം തെറ്റി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും പ്രവേശന നടപടികളും വെബ്സൈറ്റിലെ തകരാർ കാരണമാണ് മുടങ്ങിയത്. വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ദുരിതത്തിലായി. വ്യാഴാഴ്ച വൈകിട്ടോടെയാണ് സർവർ പുനഃസ്ഥാപിക്കപ്പെട്ടത്.
ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രത്യേക വെബ്സൈറ്റിലൂടെ അതാത് സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കാനുള്ള സൗകര്യമാണ് നൽകിയിരുന്നത്. വ്യാഴാഴ്ച പുലർച്ചെ മുതൽ സംസ്ഥാനത്തുടനീളം അദ്ധ്യാപകർ കമ്പ്യൂട്ടറിന് മുന്നിൽ കാത്തിരുന്നെങ്കിലും വൈകിട്ടും നടപടികൾ പൂർത്തിയാക്കാനായില്ല. പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും രാവിലെ സ്കൂളുകളിൽ എത്തി.
പ്രവേശന തീയതി നീട്ടണം
വെള്ളിയാഴ്ച ക്രിസ്ത്യൻ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ, ഇന്ന് മാത്രമാണ് പ്രവേശനം നടത്താനാവുക. ഈ സാഹചര്യത്തിൽ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള തിയതി നീട്ടി നൽകണമെന്നാണ് ആവശ്യം. മൂന്നാംഘട്ട അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ലഭിച്ചിട്ടുണ്ടോയെന്നറിയാത്ത അവസ്ഥയുമായിരുന്നു. വ്യാഴാഴ്ച അവസാനിക്കേണ്ട സ്പോർട്സ് ക്വാട്ട പ്രവേശന സമർപ്പണവും തടസപ്പെട്ടു.
പ്രതിഷേധം ശക്തം
പ്രവേശന വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ വരുന്ന ചെറിയ പിഴവുകൾക്ക് പോലും അദ്ധ്യാപകരെ തിരുവനന്തപുരത്തെ ഐ.സി.ടി സെല്ലിൽ നേരിട്ടെത്തിക്കാൻ നിർബന്ധിക്കുന്ന ഉദ്യോഗസ്ഥർ, വലിയ സാങ്കേതിക തകരാറുകൾ വരുത്തി അദ്ധ്യാപകരെ രക്ഷിതാക്കളുടെ മുന്നിൽ പ്രതിക്കൂട്ടിലാക്കിയെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ബിനു കെ. വർഗീസ് അദ്ധ്യക്ഷനായ പ്രതിഷേധ സദസ് സംസ്ഥാന സെക്രട്ടറി ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ആർ. ബിനു, കൗൺസിൽ അംഗങ്ങളായ ഷമ്മി ജോസഫ്, ടിന്റു പൗലോസ്, വി.ജെ. ഡാർവിൻ, എമിൽ കെ.ജോൺ, ഷിബി കുര്യൻസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |