SignIn
Kerala Kaumudi Online
Sunday, 05 July 2026 6.18 AM IST

ചുവടുമാറി ലഹരി മാഫിയ: വില്പനയും വിതരണവും പ്രാദേശിക മേഖലകളിൽ

കോലഞ്ചേരി: സംസ്ഥാനത്ത് ലഹരിമാഫിയയെ അമർച്ച ചെയ്യാൻ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ" പെരുമ്പാവൂർ ടൗണിൽ മാത്രം ഒതുങ്ങിയെന്ന വിമർശനം ശക്തമാകുന്നു. പെരുമ്പാവൂർ ഒഴികെയുള്ള സമീപ പൊലീസ് സ്റ്റേഷൻ പരിധികളിൽ പേരിനുപോലും പരിശോധനകളില്ലെന്ന ആരോപണം ഉയരുമ്പോൾ, പൊലീസിന്റെ നിഷ്ക്രിയത്വം മുതലെടുത്ത് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട ലഹരിസംഘങ്ങൾ കുന്നത്തുനാട് മേഖലയിലെ ഉൾപ്രദേശങ്ങളിൽ വേരുറപ്പിക്കുകയാണെന്നാണ് പരാതി.

പെരുമ്പാവൂർ ടൗണിലും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും പരിശോധനകൾ ശക്തമായതോടെ ലഹരി സംഘങ്ങൾ പ്രവർത്തനകേന്ദ്രം പട്ടിമറ്റം, പെരുവുമൂഴി, കിഴക്കമ്പലം, പുത്തൻകുരിശ്, തടിയിട്ടപറമ്പ് തുടങ്ങിയ മേഖലകളിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം. പ്രധാന ടൗണുകളിൽ പരിശോധന കർശനമാക്കിയെങ്കിലും ഗ്രാമീണ മേഖലകളിൽ കാര്യക്ഷമമായ നിരീക്ഷണമോ വാഹനപരിശോധനകളോ രഹസ്യാന്വേഷണമോ ഇല്ലാത്തതിനാൽ ലഹരി വ്യാപാരം കൂടുതൽ സജീവമായതായി നാട്ടുകാർ പറയുന്നു.

കുന്നത്തുനാട് മേഖലയിലെ വിവിധ ഉൾപ്രദേശങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി വിതരണ ശൃംഖല വ്യാപിക്കുന്നത്.

ഇത്തരം കേന്ദ്രങ്ങളിലേക്ക് കടന്ന് വ്യാപക പരിശോധന നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപണം.

ചെറുകിട ഇടനിലക്കാരെ മാത്രം പിടികൂടി കണക്കുകൾ ഉയർത്തുന്നതല്ലാതെ ലഹരി ശൃംഖലയുടെ പ്രധാന കണ്ണികളിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് വിമർശനം.

പിടിയിലാകുന്നവരിൽ നിന്ന് ഒന്നോ രണ്ടോ ഗ്രാം കഞ്ചാവ് മാത്രം കണ്ടെത്തുന്നതിനാൽ കേസുകളിൽ എളുപ്പത്തിൽ ജാമ്യം ലഭിക്കുകയും പ്രതികൾ വീണ്ടും സജീവമാകുകയും ചെയ്യുന്നുണ്ട്.

പട്ടിമറ്റം മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികൾ നിയന്ത്രിക്കുന്ന നിരവധി ചെറുകിട സ്ഥാപനങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന പരസ്യമായും രഹസ്യമായും നടക്കുന്നതായും പരാതിയുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ സ്റ്റേഷനുകളിൽ എത്തിയ നിരവധി പൊലീസ് ഉദ്യോഗസ്ഥർ സ്ഥലംമാറ്റ ഉത്തരവിനായി കാത്തിരിക്കുന്ന സാഹചര്യത്തിൽ വലിയ തോതിലുള്ള പരിശോധനകളും പ്രത്യേക ഓപ്പറേഷനുകളും മന്ദഗതിയിലായെന്നും ആരോപണമുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട ലഹരിസംഘങ്ങൾ ഉൾപ്രദേശങ്ങളിൽ താവളമുറപ്പിച്ച് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നത്.

ഓപ്പറേഷൻ തൂഫാൻ യഥാർത്ഥ ലക്ഷ്യം കൈവരിക്കണമെങ്കിൽ പെരുമ്പാവൂർ ടൗണിൽ മാത്രം പരിശോധന ഒതുക്കാതെ കുന്നത്തുനാട്, പുത്തൻകുരിശ്, തടിയിട്ടപറമ്പ്, കിഴക്കമ്പലം, പട്ടിമറ്റം തുടങ്ങിയ മേഖലകളിലും വ്യാപക റെയ്ഡുകളും രഹസ്യാന്വേഷണവും ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL