കൊച്ചി: കവർച്ച നടത്താൻ ലക്ഷ്യമിട്ട് എറണാകുളം നഗരത്തിൽ ഒളിച്ചിരുന്ന കുറ്റവാളികളെ കൈയോടെ പിടികൂടി സിറ്റി പൊലീസ്. ഷട്ടറുകളും വാതിലുകളും തകർക്കാൻ കൈവശം കരുതിയ മാരകായുധം സഹിതമാണ് പ്രതികൾ പിടിയിലായത്.
ഒട്ടേറെ കവർച്ചാക്കേസുകളിൽ പ്രതികളായ വാതുരുത്തി നികർത്തിൽ വീട്ടിൽ പട്ടിക്കുഞ്ഞ് ബാബു എന്നറിയപ്പെടുന്ന ജെയിംസ് ബാബു (63), പള്ളുരുത്തി പുതിയറോഡ് പുത്തേഴത്ത് വീട്ടിൽ അനീഷ് (37) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രിൻസിപ്പൽ എസ്.ഐ ഗ്ലാഡ്‌വിൻ എഡ്വേർഡ്, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ കലൂർ ഭാഗത്ത് കഴിഞ്ഞദിവസം രാത്രി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇരുവരും കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപം ബാർ പരിസരത്തെ ആളൊഴിഞ്ഞ പറമ്പിൽ ഒളിച്ചിരിക്കുകയായിരുന്നു.
ശബ്ദം കേട്ട് സംശയം തോന്നിയ പൊലീസ് സംഘത്തിന്റെ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ തുണിസഞ്ചിയിൽ നിന്ന് ഇരുമ്പ് പാര കണ്ടെത്തി. പൊലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിലാണ് സ്ഥിരം മോഷ്ടാക്കളാണെന്ന് വ്യക്തമായത്.
പട്ടിക്കുഞ്ഞ് ബാബു നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അനീഷുമായി ചേർന്ന് മൂന്ന് മോഷണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു കൊല്ലം മുമ്പ് എറണാകുളം നോർത്ത് ഭാഗത്ത് ഭവനഭേദന ശ്രമത്തിനിടെ അറസ്റ്റിലായി. വീണ്ടും നഗരത്തിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |