SignIn
Kerala Kaumudi Online
Sunday, 12 July 2026 10.11 AM IST

പിറവത്ത് നിലംപൊത്തി പൊലീസ് ക്വാർട്ടേഴ്‌സുകൾ

police-

പിറവം: നാടിന്റെ ക്രമസമാധാനം കാക്കുന്ന പൊലീസുകാർക്ക് ജോലിത്തിരക്കുകൾക്കിടയിൽ വിശ്രമിക്കാൻ സുരക്ഷിതമായൊരിടമില്ല. പിറവത്തെ പൊലീസ് ക്വാർട്ടേഴ്‌സുകൾ ഏതുനിമിഷവും നിലംപൊത്താമെന്ന ജീർണ്ണാവസ്ഥയിലാണ്. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് ക്വാർട്ടേഴ്‌സുകളുടെ ഈ ദുരവസ്ഥയ്ക്ക് കാരണം.

​ഇൻസ്‌പെക്ടർ ഓഫീസിന് പിന്നിലുള്ള രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് പൊലീസുകാർക്കായുള്ള കെട്ടിടങ്ങളുള്ളത്. സർക്കിൾ സ്റ്റേഷൻ നിലവിൽ വന്ന കാലത്ത് നിർമ്മിച്ച 12 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. രണ്ട് മുറികളും അടുക്കളയുമുള്ള ഓടുമേഞ്ഞ ഈ കെട്ടിടങ്ങളെല്ലാം തന്നെ ചോർച്ചയും ചിതൽ ശല്യവും കാരണം പൂർണമായും തകർന്നു. മേൽക്കൂരയിലെ പട്ടികകളും കഴുക്കോലുകളും ചിതലെടുത്തതോടെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇവിടം ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് താമസം മാറി.

​നിലവിൽ രണ്ട് ക്വാർട്ടേഴ്‌സുകളിൽ മാത്രമാണ് ഇപ്പോൾ ആളുകളുള്ളത്. സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ചാണ് പത്തുവർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന ഇവർ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തിയത്. ജീർണ്ണിച്ച് ഏതുനിമിഷവും കടപുഴകി വീഴാവുന്ന കൂറ്റൻ മരങ്ങൾ ക്വാർട്ടേഴ്‌സ് നിവാസികൾക്ക് ഭീഷണിയാകുന്നുണ്ട്. മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പരിശോധന നടത്തി മടങ്ങിയതല്ലാതെ നാളിതുവരെയായി തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.

​പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെ കീഴിലുള്ള പിറവം സ്റ്റേഷനിൽ ഇൻസ്‌പെക്ടറും സബ് ഇൻസ്പെക്‌ടറും ഉൾപ്പെടെ അൻപത്തിരണ്ടോളം ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. മുമ്പ് കൂത്താട്ടുകുളം, മുളന്തുരുത്തി, ചോറ്റാനിക്കര എന്നീ സ്റ്റേഷനുകൾ ഉൾപ്പെടുന്ന പ്രധാന സർക്കിൾ ഓഫീസായിരുന്നു പിറവം.

ഫ്ലാറ്ര് നിർമ്മിക്കണമെന്ന് ആവശ്യം

കാലപ്പഴക്കം ചെന്ന് വാസയോഗ്യമല്ലാതായ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുക എന്നതാണ് ഈ പ്രതിസന്ധിക്കുള്ള ഏക ശാശ്വത പരിഹാരം. കാടുകയറി കിടക്കുന്ന ബാക്കി സ്ഥലം പരേഡ് ഗ്രൗണ്ട് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകും. എന്നാൽ, കെട്ടിടങ്ങൾ വാസയോഗ്യമല്ലെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് സർവ്വേ റിപ്പോർട്ട് നൽകിയാൽ മാത്രമേ പുതിയ പദ്ധതികൾക്ക് ജീവൻ വയ്ക്കൂ. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനം നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന വ്യാപക ആക്ഷേപവും ശക്തമാണ്.

അടിയന്തരമായി ഇതിനു വേണ്ട നടപടികൾ സ്വീകരിച്ച് പൊലീസ് ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം. നഗരസഭയുടെഎല്ലാവിധ പിന്തുണയുമുണ്ടാകും.

കെ.ആർ പ്രദീപ് കുമാർ

ചെയർ പേഴ്‌സൺ

പിറവം നഗരസഭ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL