SignIn
Kerala Kaumudi Online
Friday, 10 July 2026 1.50 AM IST

42 വർഷത്തിന് ശേഷം 82 കാരനെ തേടി, വീണ്ടും കുറുപ്പ്

sumara-kurup
സുകുമാര കുറുപ്പ്

ചെങ്ങന്നൂർ : ' ജോഷി... സൺ ഒഫ് സരള ജോഷി '... ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ളാന്റ് സിറ്റിയിലെ ജനറൽ ആശുപത്രി രേഖകളിൽ നാലുപതിറ്റാണ്ട് മുൻപ് തെളിഞ്ഞ ഈ പേരുകാരനെ തേടി വീണ്ടും പൊലീസ് ഇറങ്ങുമ്പോൾ ചെറിയനാടും വാർത്തകളിൽ ഇടംപി‌ടിക്കുകയാണ്.

1984 ജനുവരി 21നാണ് സ്വന്തം പേരിലുള്ള എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി, തന്നോട് രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് എൻ.ജെ. ചാക്കോയെ സുകുമാരക്കുറുപ്പും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി കാറിന് തീകൊടുക്കുകയായിരുന്നു. അപകടത്തിൽ സുകുമാരക്കുറുപ്പ് മരിച്ചതായി വരുത്തിതീർക്കാനായിരുന്നു ശ്രമം. കൊടുംപാതകം നാടറിഞ്ഞതോടെ ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പ് കാണാമറയത്തായി.

നാലു വർഷത്തിന് ശേഷം ബൊക്കാറോയിലെ ജനറൽ ആശുപത്രിയിൽ ഹൃദ് രോഗത്തിന് ചികിത്സതേടിയെത്തിയ ജോഷി എന്ന യുവാവിനെ മലയാളി നഴ്സിംഗ് വിദ്യാർത്ഥി കണ്ടതോടെ വീണ്ടും കുറുപ്പിന്റെ കേസിൽ ചെറിയനാട് തെളിഞ്ഞു. സുകുമാരക്കുറുപ്പിന്റെ നാട്ടുകാരിയും പരിചയക്കാരിയുമായ രത്നമ്മയായിരുന്നു നഴ്സിംഗ് വിദ്യാർത്ഥി. തിരിച്ചറിഞ്ഞുവെന്ന് ബോധ്യപ്പെട്ടതോടെ കുറുപ്പ് മുങ്ങി. വർഷങ്ങൾക്കിപ്പുറം കേസിന്റെ പുനരന്വേഷണത്തിന് പൊലീസ് ഇറങ്ങുമ്പോൾ രത്നമ്മയ്ക്കൊപ്പം ചെറിയനാടിനും പറയാനേറെയുണ്ടാകും.

കണ്ടെത്താനാകുമോ ?

പതിറ്റാണ്ടുകളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സമീപകാലത്ത് പിടികൂടാൻ കഴിഞ്ഞത് അന്വേഷണസംഘത്തിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അടുത്തിടെ കൊല്ലത്ത് സഹോദരീഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 40 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയും 20 വർഷം പഴക്കമുള്ള വാഹനമോഷണക്കേസിലെ പ്രതിയെ ഹരിയാനയിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതും പ്രതീക്ഷയ്ക്ക് വകനൽകുന്നതാണ്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം കുറുപ്പിന്റെ കേസ് ഫയലുകൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത്.

കേസിലെ മറ്റു പ്രതികളായ ഭാര്യാസഹോദരീ ഭർത്താവ് ഭാസ്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചെങ്കിലും ഒന്നാം പ്രതിയായ സുകുമാരക്കുറുപ്പ് ഇന്നും ഒളിവിലാണ്.

പുതിയ സാങ്കേതികവിദ്യകളിലൂടെ

പുതിയ അന്വേഷണം

മുമ്പ് സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള മുപ്പതിലധികം പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ എല്ലാവരെയും വിട്ടയക്കുകയായിരുന്നു. കുറുപ്പ് മരിച്ചതായി ഔദ്യോഗിക രേഖകളില്ലാത്തതിനാൽ, ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ ഏകദേശം 82 വയസുണ്ടാകും.

പൊലീസിന്റെ കൈവശമുള്ളത് പഴയ ചിത്രങ്ങൾ മാത്രമാണെങ്കിലും, ആധുനിക സൈബർ ഫോറൻസിക് സാങ്കേതികവിദ്യകൾ, വിദേശത്തുള്ള ബന്ധുക്കളുടെ സാമ്പത്തിക ഇടപാടുകൾ, യാത്രാവിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള വിപുലമായ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY