ആലുവ: ആലുവ നഗരത്തിൽ വരെ ഗതാഗതകുരുക്കിന് കാരണമാകുന്ന ദേശീയപാതയിൽ പറവൂർ കവലയിലെ ഫ്രീ ലെഫ്റ്റിന്റെ നിർമ്മാണം മഴ മാറിയാൽ ആരംഭിക്കും. അതുവരെ താത്കാലികാശ്വാസത്തിനായുള്ള കുഴിയടക്കൽ നടത്തിയെങ്കിലും കനത്ത മഴയിൽ പഴയപടിയായി.
അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പറവൂർ കവലയിൽ സിഗ്നൽ കാത്തുകിടക്കുമ്പോൾ പറവൂരിലേക്ക് പോകേണ്ട വാഹനങ്ങളും കുടുങ്ങുകയാണ്. ഇടതുവശം ചേർന്ന് പോയാൽ സിഗ്നൽ ഒഴിവാക്കി പറവൂർ റോഡിലേക്ക് പ്രവേശിക്കാമെങ്കിലും ഈ ഭാഗത്തെ വൻകുഴികൾ തടസമാണ്. അതിനാൽ അങ്കമാലിയിലേക്കുള്ള സിഗ്നൽ ലഭിച്ചാൽ മാത്രമെ പറവൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്കും പോകാനാകൂ. ഇതുമൂലം ദേശീയപാതയിലെ ഗതാഗതകുരുക്ക് തോട്ടക്കാട്ടുകര കവലയും ബൈപ്പാസും കടന്ന് മാർക്കറ്റ് മേൽപ്പാലത്തിൽ വരെയെത്തും.
ആലുവ നഗരത്തിൽ നിന്ന് അങ്കമാലി, പറവൂർ, എടയാർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസ് മെട്രോ സ്റ്റേഷൻ ഭാഗം മുതൽ കുരുക്കിൽപ്പെടും. രണ്ടാഴ്ച മുമ്പ് പറവൂർ കവലയിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചെറുതും വലുതുമായ നൂറിലേറെ കുഴികളുണ്ട് ഇപ്പോഴും.
ഫ്രീ ലെഫ്റ്റിന് 48.60 ലക്ഷം
പറവൂർ കവലയിലെ ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കാൻ 48.60 ലക്ഷം രൂപയാണ് കേരള റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിലാണ് നിർമ്മാണം. ദേശീയപാതയുടെ സമാന്തര റോഡ് എൻ.എച്ച് ആണ് നിർമ്മിക്കേണ്ടതെങ്കിലും അതിന് അവർ വിമുഖ കാട്ടിയ സാഹചര്യത്തിൽ മുൻ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാർ മുൻകൈയ്യെടുത്താണ് കെ.ആർ.എസ്.എഫിൽ നിന്നും തുക ലഭ്യമാക്കിയത്. 2024ൽ അദ്ദേഹം സ്ഥലം സന്ദർശിച്ചാണ് ഉടൻ ഫ്രീ ലെഫ്റ്റ് സംവിധാനത്തിന് നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
എൻ.എച്ച് കൈയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് കെ.ആർ.എസ്.എഫ് ഉപയോഗിച്ച് പി.ഡബ്ളിയു.ഡി നിർമ്മാണം ഏറ്റെടുത്തത്. കാലാവസ്ഥ അനുകൂലമായാൽ നിർമ്മാണം ആരംഭിക്കും. ബി.എം ബി.സി നിലവാരത്തിലാണ് ടാറിംഗ്. രജീഷ് എന്നയാളാണ് കരാറുകാരൻ. ഇയാളുടെ ചെലവിൽ വൈദ്യുതി പോസ്റ്റുകളെല്ലാം മാറ്റിയിട്ടുണ്ട്. ഇപ്പോൾ താത്കാലികമായി കുഴിയടക്കലാണ് നടത്തിയത്.
ട്രീസ സെബാസ്റ്റ്യൻ
എ.ഇ, പി.ഡബ്ളിയു.ഡി
പറവൂർ കവലയിലെ ഫ്രീ ലെഫ്റ്റ് നിർമ്മാണം ഇനിയും വൈകിപ്പിക്കരുത്. രണ്ടര വർഷം മുമ്പ് മുൻ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച് പണം അനുവദിച്ചതാണ്. നിർമ്മാണം വൈകുന്നത് ഗുരുതരമായ വീഴ്ച്ചയാണ്. അടിയന്തര ഇടപെടൽ വേണം.
ശ്യാം പത്മനാഭൻ
നഗരസഭ പ്രതിപക്ഷ നേതാവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |