തിരുവല്ല :റെയിൽവേ അടിപ്പാതകളിൽ ജലനിരപ്പ് ഉയരുമ്പോൾ അപകട മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം തിരൂമൂലപുരം - കറ്റോട് റോഡിലെ ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ സ്ഥാപിച്ചു. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ ക്യാമറ നിരീക്ഷണവും സെൻസറിങ് സംവിധാനവും പ്രവർത്തിക്കും. മണിമലയാറിന് സമീപം നിർമ്മിച്ചിട്ടുളള അടിപ്പാതയിൽ ജലനിരപ്പ് അപകട മേഖലയ്ക്ക് മുകളിൽ ഉയരുമ്പോൾ റോഡിന് ഇരുവശത്തും ചുവന്ന സിഗ്നൽ ലൈറ്റുകൾ പ്രകാശിച്ചുകൊണ്ടിരിക്കും. കൂടാതെ അപകട മുന്നറിയിപ്പ് സന്ദേശങ്ങൾ മൈക്കിലൂടെ തുടർച്ചയായി അനൗൺസ് ചെയ്യും. 'അടിപ്പാതയിൽ ജലനിരപ്പ് ഉയർന്നു, അടിപ്പാതയിലൂടെ യാത്ര ചെയ്യരുത്. മറ്റു വഴികളിലൂടെ യാത്ര പോകുക' എന്നിങ്ങനെ യാത്രക്കാർക്ക് തുടർച്ചയായി മുന്നറിയിപ്പ് നൽകും. മണിമലയാറിന് സമീപത്തുള്ള തിരുവല്ലയിലെ ഇരുവെള്ളിപ്രയിലും കുറ്റൂരിലും റെയിൽവേ അടിപ്പാതകളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും പൂർണ വിജയം കണ്ടെത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി കൂടി റെയിൽവേ കൈക്കൊള്ളുന്നത്.
പ്രവർത്തനം ഇങ്ങനെ
അടിപ്പാതയിൽ ചുവപ്പ് വര രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് മുകളിൽ വെള്ളം വരുമ്പോൾ സെൻസർ മനസിലാക്കും. തുടർന്ന് റെഡ് സിഗ്നൽ പ്രവർത്തിക്കും. ഒപ്പം മൈക്കിലൂടെ മുന്നറിയിപ്പും നൽകും.
വഴിവിളക്ക് വേണം
റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറിയാൽ ഉടൻതന്നെ നീക്കം ചെയ്യാനുള്ള ഓട്ടോമാറ്റിക് മോട്ടോർ സംവിധാനവും അടിപ്പാതകളിൽ വഴിവിളക്കും ഇതുവരെയും ഏർപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ഡീസൽ മോട്ടർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കുന്നത് ശ്രമകരമാണ്. ഓട്ടോമാറ്റിക് മോട്ടോർ സംവിധാനവും വഴിവിളക്കും സ്ഥാപിക്കണമെന്ന് കുറ്റൂർ അടിപ്പാതയുടെ സമീപവാസിയും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.ആർ രാജേഷ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |