
കാലടി: കാഞ്ഞൂർ പാറപ്പുറം പ്രദേശത്ത് രണ്ടായിരത്തോളം കുടുംബങ്ങളുടെ നൂറേക്കറിലധികം പുരയിട കൃഷിയും പത്ത് ഹെക്ടറിലധികം നെൽക്കൃഷിയും നാശത്തിന്റെ വക്കിൽ. തിരുവലംചുഴി ലിഫ്റ്റ് ഇറിഗേഷന്റെ പാറപ്പുറം അക്വഡേറ്റ് വാഹനങ്ങൾ ഇടിച്ച് തകരുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
വല്ലംകടവ് റോഡിന്റെ പാറപ്പുറം പ്രദേശത്താണ് അക്വഡേറ്റ് സ്ഥിതി ചെയ്യുന്നത്. വല്ലംകടവ് പാലം തുറന്നതോടെ പാറപ്പുറം - കാഞ്ഞൂർ റോഡിൽ വാഹനത്തിരക്ക് നിയന്ത്രണാതീതമായി. കാലടി പട്ടണത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ട്രെയിലർ ലോറികളും വൻ ടിപ്പറുകളും ഉൾപ്പെടെ ഇതുവഴിയാണ് കടന്നുപോകുന്നത്. ഇത്തരം വലിയ വാഹനങ്ങൾ അക്വഡേറ്റിൽ ഇടിക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രി രണ്ട് വലിയ കണ്ടെയ്നർ ലോറികൾ അക്വഡേറ്റിൽ ഇടിച്ച് തൂണുകൾ തെന്നിമാറി. ജലവിതരണ സംവിധാനമായ അക്വഡേറ്റ് തകർന്ന് ട്രാൻസ്ഫോർമറിന് മുകളിലേക്ക് വീണാൽ വലിയ അപകടമുണ്ടാകും.
പരാതി നൽകിയിട്ടും നടപടിയില്ല
മൂന്ന് മീറ്ററിലധികം ഉയരമുള്ള വാഹനങ്ങൾ അക്വഡേറ്റിൽ ഇടിച്ച് വലിയ കേടുപാടുകൾ സംഭവിക്കുന്നുണ്ട്. ഇറിഗേഷൻ, പി.ഡബ്ല്യു.ഡി. വകുപ്പുകളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു. ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് പരിഹാരത്തിന് തടസമാകുന്നത്. അക്വഡേറ്റിന് സമീപമുള്ള 200 കെ.വി ഇലക്ട്രിക് ട്രാൻസ്ഫോർമറിലും ലൈനുകളിലും വാഹനങ്ങൾ ഇടിച്ച് രണ്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വല്ലംകടവ് കാഞ്ഞൂർ റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം. കാർഷിക ജലസേചന പദ്ധതിയിൽ ഉൾപ്പെട്ട അക്വഡേറ്റിനെ സംരക്ഷിക്കണം.സെബാസ്റ്റ്യൻ പോൾ,
പ്രസിഡന്റ് കാഞ്ഞൂർ പഞ്ചായത്ത്
എൻ.എച്ച് ഉദ്യോഗസ്ഥർ കൈയൊഴിഞ്ഞതിനാൽ ജനപ്രതിനിധികളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ ശാശ്വതപരിഹാരം കണ്ടെത്തണം.
കെ.ജെ. അഖിൽ,
വൈ.എ. ലൈബ്രറി,
കാഞ്ഞൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |