
ഗൗരവമായി പരിഗണിക്കുമെന്ന് ചെയർപേഴ്സൺ
ആലുവ: ആലുവ നഗരസഭയിൽ ഇരിപ്പിടമില്ലാതെ ഭരണ - പ്രതിപക്ഷ കൗൺസിലർമാർ വലയുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും അധികൃതർ അനുകൂല നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ബി.ജെ.പി പ്രതിനിധി പി.എസ്. പ്രീത രേഖാമൂലം സെക്രട്ടറിക്ക് പരാതി നൽകി. ശതാബ്ദി പിന്നിട്ട നഗരസഭയാണെങ്കിലും ആലുവ നഗരസഭയിൽ നാളിതുവരെ കൗൺസിലർമാർക്ക് വിശ്രമമുറി അനുവദിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ നഗരസഭകൾ മാത്രമല്ല, പഞ്ചായത്തുകളിൽ പോലും ശീതീകരിച്ച വിശ്രമമുറികൾ അംഗങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. സഹായം തേടിയെത്തുന്ന വാർഡിലെ അംഗങ്ങളുമായി ഏതെങ്കിലും ക്ളർക്കിന്റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ മേശക്ക് ചുറ്റുമിരുന്ന് പരാതി കേൾക്കേണ്ട അവസ്ഥയാണ്.
നഗരസഭ അദ്ധ്യക്ഷയെയും വൈസ് ചെയർമാനെയും സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെയുമെല്ലാം വ്യക്തിപരമായി കാണാനും ബുദ്ധിമുട്ടാണ്. അദ്ധ്യക്ഷന്മാരുടെ ചുറ്റുമുള്ള കസേരകളെല്ലാം കൗൺസിലർമാർ കൈയടക്കിയിരിക്കും.
മുറി സ്ഥിരംസമിതി അദ്ധ്യക്ഷന്മാർക്ക് മാത്രം
നിലവിൽ നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും പുറമെ സ്ഥിരംസമിതി അദ്ധ്യക്ഷന്മാർക്ക് മാത്രമാണ് നഗരസഭയിൽ പ്രത്യേകം മുറി അനുവദിച്ചിട്ടുള്ളത്. ഇവരുടെയെല്ലാം മുറികൾ അവർ ഓഫീസിൽ ഉള്ളപ്പോൾ മാത്രമാണ് തുറക്കുക. ഭരണപക്ഷത്തോടൊപ്പം നിൽക്കുന്ന കൗൺസിലർമാർക്ക് ഇവരിൽ ആരുടെയെങ്കിലും മുറി തുറന്നിട്ടുണ്ടെങ്കിൽ അവിടെ കയറിയിരിക്കാം. പ്രതിപക്ഷത്ത് എൽ.ഡി.എഫിലെ ഒരാൾ സ്ഥിരംസമിതി അദ്ധ്യക്ഷയാണ്. ഇവർ ഓഫീസിലുള്ളപ്പോൾ എൽ.ഡി.എഫ് അംഗങ്ങൾക്കും ഈ മുറി ഉപയോഗിക്കാം. ബി.ജെ.പിക്ക് നാലുപേർ ഉണ്ടെങ്കിലും എല്ലാവരും അലഞ്ഞ് നടക്കേണ്ട അവസ്ഥയാണ്.
കൗൺസിലർമാരുടെ ആവശ്യം ന്യായമാണ്. സെക്രട്ടറിയുമായി സംസാരിച്ച് സൗകര്യപ്രദമായ സ്ഥലം അനുവദിക്കും.
സൈജി ജോളി
ചെയർപേഴ്സൺ
കൗൺസിലർമാർക്ക് മുറി അനുവദിച്ചില്ലെങ്കിൽ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരുടെ മുറികൾ തുറന്നുനൽകണം. കൗൺസിലർമാരെല്ലാം വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളാണ്. അതാത് കമ്മിറ്റിയിലുള്ളവർക്ക് മുറി ഉപയോഗിക്കാൻ അനുവദിക്കണം.
പി.എസ്. പ്രീത
ബി.ജെ.പി കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |