
കോടികൾ മുടക്കിയ ബസ് സ്റ്റാൻഡ് ശൂന്യം
മുളന്തുരുത്തി: ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കോടികൾ ചെലവഴിച്ച് നിർമ്മിച്ച മുളന്തുരുത്തി ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമായെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല. സ്റ്റാൻഡ് പൂർണമായി ഉപയോഗപ്പെടുത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടതോടെ പള്ളിത്താഴം ജംഗ്ഷൻ ഇന്നും ഗതാഗതക്കുരുക്കിന്റെ കേന്ദ്രമായി തുടരുന്നു. മുളന്തുരുത്തിയിലെ തിരക്കേറിയ പള്ളിത്താഴം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി സ്വകാര്യ ബസുകൾ നിർബന്ധമായും ബസ് സ്റ്റാൻഡിൽ കയറണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുത്തിരുന്നു. നിയമലംഘകർക്കെതിരെ പിഴ ചുമത്താനും ആരംഭിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പല സ്വകാര്യ ബസുകളും പഴയ സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്നതായി യാത്രക്കാർ ആരോപിക്കുന്നു.
യാത്രക്കാർ വഴിയരികിൽ
ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ബസ് സ്റ്റാൻഡിൽ കയറാതെ റോഡരികിൽ യാത്രക്കാരെ കയറ്റുന്ന രീതിയാണ് തുടരുന്നത്. സ്റ്റാൻഡിനകത്ത് എത്തേണ്ട ബസുകൾ ജംഗ്ഷനിൽ തന്നെ നിറുത്തുന്നതിനാൽ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രൂപീകരിച്ച സംവിധാനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുകയാണെന്ന വിമർശനവും ശക്തമാണ്.
രാത്രിയിൽ വഴിയിൽ ഇറക്കിവിടുന്നു
എറണാകുളം, തലയോലപ്പറമ്പ് ഭാഗങ്ങളിലേക്കുള്ള ചില സ്വകാര്യ ബസുകൾ പെർമിറ്റ് പ്രകാരമുള്ള അവസാന ട്രിപ്പ് പൂർത്തിയാക്കാതെ അരയങ്കാവ് ഭാഗത്ത് സർവീസ് അവസാനിപ്പിക്കുന്നതായും പരാതിയുണ്ട്. രാത്രി സമയങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തേണ്ട യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് പതിവാകുകയാണെന്നാണ് ആക്ഷേപം. തുടർന്ന് ബസുകൾ സമീപത്തെ പെട്രോൾ പമ്പുകളിലും സ്വകാര്യ സ്ഥലങ്ങളിലുമായി പാർക്ക് ചെയ്യുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നു. ഞായറാഴ്ചകളിൽ നിരവധി സ്വകാര്യ ബസുകൾ സർവീസ് നടത്താതെ പമ്പുകളിൽ കയറ്റിയിടുന്നതും യാത്രക്കാരെ വലയ്ക്കുന്നു. അവധി ദിവസങ്ങളിൽ പോലും ആവശ്യത്തിന് പൊതുഗതാഗത സൗകര്യം ലഭിക്കാത്ത അവസ്ഥയാണ്.
കെ.എസ്.ആർ.ടി.സിയും സ്റ്റാൻഡ് ഒഴിവാക്കുന്നു
സ്വകാര്യ ബസുകൾ മാത്രമല്ല, ചില കെ.എസ്.ആർ.ടി.സി ബസുകളും മുളന്തുരുത്തി ബസ് സ്റ്റാൻഡിൽ കയറാതെ പാസ് ചെയ്ത് പോകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇത് കൂടുതൽ ദുരിതമാകുന്നു. ബസ് ലഭിക്കാതെ ഓട്ടോറിക്ഷയെയോ മറ്റ് വാഹനങ്ങളെയോ ആശ്രയിക്കാൻ ശ്രമിക്കുമ്പോൾ പോലും ചില സ്വകാര്യ ബസ് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.
നടപടി വേണമെന്ന് ആവശ്യം
ജില്ലയിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ മുളന്തുരുത്തിയിൽ ഗതാഗത നിയന്ത്രണത്തിനായി നിരവധി തീരുമാനങ്ങൾ എടുത്തിട്ടും അവ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. പെർമിറ്റ് ലംഘനം, അനധികൃത സ്റ്റോപ്പുകൾ, സർവീസ് വെട്ടിക്കുറയ്ക്കൽ, റോഡ് കൈയേറി യാത്രക്കാരെ കയറ്റൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പും പൊലീസും സംയുക്ത പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |