കൊച്ചി: ബി.എം.ഡബ്ല്യു കാർ പിന്നോട്ടെടുക്കുന്നതിനിടെ ഥാർ ജീപ്പിൽ ഇടിച്ചതുമായി ബന്ധപ്പെട്ട കൂട്ടത്തല്ലിൽ പ്രതികളായ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ച മട്ടാഞ്ചേരി ക്ഷേമബാവ റോഡ് പുതുവശേരി പറമ്പ് വീട്ടിൽ മുഹമ്മദ് യാസിർ (22), സഹോദരൻ പി.വി മുഹമ്മദ് സായിദ് (19), ഫോർട്ട് കൊച്ചി നെല്ലുകടവ് തോപ്പിൽ വീട്ടിൽ തോപ്പിൽ നിയാസ് രാഹുൽ റഹ്മാൻ (22), മട്ടാഞ്ചേരി പെട്ടിക്കാരൻ പറമ്പ് വീട്ടിൽ മുഹമ്മദ് റോഷൻ (22), ഫോർട്ട് കൊച്ചി പട്ടാളം റോഡ് മെക്കൻസി ഗാർഡനിൽ അംജാദ് നസീർ (22) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. മുഹമ്മദ് യാസിറിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറും കസ്റ്റഡിയിലെടുത്തു.
26 ന് രാത്രി 12ന് പാലാരിവട്ടം പുതിയറോഡ് ബൂസ്റ്റർ ചായക്കടയുടെ പാർക്കിംഗ് ഭാഗത്താണ് ഏറ്റുമുട്ടൽ നടന്നത്. ബ്രിട്ടനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മുഹമ്മദ് യാസിർ സുഹൃത്തിന്റെ കാറുമായിട്ടാണ് ഇവിടെയെത്തിയത്. മട്ടാഞ്ചേരിയിലേക്ക് മടങ്ങാൻ കാർ പിന്നോട്ടെടുക്കുന്നതിനിടെ ജീപ്പിൽ തട്ടി. ഇതിനെച്ചൊല്ലി ജീപ്പിന്റെ ഉടമയുമായി വാക്കേറ്റമുണ്ടായി. ജീപ്പുടമ വിളിച്ചതു പ്രകാരം സ്ഥലത്ത് എത്തിയ പാലാരിവട്ടം അംബേദ്കർ റോഡ് പ്ലസന്റ് വില്ലയിൽ സ്റ്റീഫൻ (29), കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശി റോബിൻ ജോസഫ് (29) എന്നിവരെയാണ് പ്രതികൾ മർദ്ദിച്ചത്. മരക്കഷ്ണം ഉപയോഗിച്ചുള്ള അടിയേറ്റ് സ്റ്റീഫന്റെ മൂക്കിന്റെ എല്ലും റോബിന്റെ താടിയെല്ലും പൊട്ടി. റോബിനെ നിലത്തിട്ട് തല്ലിച്ചതച്ചു.
സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ചതിനാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാറിന്റെ ഉടമ ഹാജരാകാൻ നോട്ടീസ് നൽകിയതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |