SignIn
Kerala Kaumudi Online
Friday, 26 June 2026 9.01 PM IST

കാലവർഷത്തിനൊപ്പം കാറ്റും കോടമഞ്ഞും മലയോരമേഖലയിൽ ദുരിതം വിതയ്ക്കുന്നു

adimaly
അടിമാലിക്ക് സമീപം മണ്ണും കല്ലും ഇടിഞ്ഞ് റോഡിൽ പതിച്ചുണ്ടായ അപകടം

തൊടുപുഴ: കാലവർഷം ശക്തമായതോടെ ജില്ലയിൽ പലയിടത്തും മഴക്കെടുതികൾ അനുഭവപ്പെട്ടുതുടങ്ങി.

കാറ്റിൽ മരംകടപുഴകി വീണാണ് കൂടുതലും അപകടങ്ങൾ. കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം മണ്ണും കല്ലുകളും ഇടിഞ്ഞ് റോഡിൽ പതിച്ച് അപകടമുണ്ടായി. ഇന്നലെ രാവിലെ 10 മണിയോടെ പൊട്ടൻകുളം ലക്ഷംവീട് കോളനിക്ക് സമീപമാണ് മണ്ണിടിഞ്ഞ് ദേശീയപാതയിൽ പതിച്ചത്. അപകടത്തിൽനിന്നും സ്കൂട്ടർ യാത്രികൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റ് വലിയ ഭീഷണിയാണ് വാഹനയാത്രക്കാർക്ക് ഉയർത്തുന്നത്. പലയിടത്തും മരം കടപുഴകിവീണും ശിഖരങ്ങൾ ഒടിഞ്ഞും അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. രാജാക്കാട് പുന്നസിറ്റിയിൽ കൂറ്റൻമരം റോഡിലേക്ക് കടപുഴകി വീണു. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. മരം വീണതിനെതുടർന്ന് തിരക്കേറിയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. രാജാക്കാട് ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്. തൊടുപുഴയിൽ കാഞ്ഞാർ - ആനക്കയം റൂട്ടിൽ കൈപ്പകവലക്ക് സമീപം റബ്ബർമരം ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കും വീണ് ഗതാഗതം തടസപ്പെട്ടു. ചക്കിക്കാവ് എസ് വളവിന് സമീപവും മരം വീണ് ഗതാഗതം തടസപ്പെട്ടു. മൂലമറ്റം ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

 കല്ലാറിന് സമീപം വൻ

മരങ്ങൾ കടപുഴകി വീണു

കനത്ത മഴയിൽ കല്ലാറിന് സമീപം വൻമരങ്ങൾ കടപുഴകി വീണു. തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവായത്. ഇന്നലെ പുലർച്ചെ 4 മണിയോടെ കല്ലാർ - മാങ്കുളം റോഡിൽ സെന്റ് ജൂഡ് പള്ളിക്ക് സമീപം ആണ് മരം കടപുഴകിയത്. പുലർച്ചെ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അടിമാലി ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കല്ലാർ പന്ത്രണ്ടേക്കറിൽ വൻ മരം കടപുഴകി വൈദ്യുത ലൈനിലേക്കും സമീപത്തുള്ള റിസോർട്ടിന്റെ പാർക്കിംഗ് സ്ഥലത്തേക്കും പതിച്ചതിനെ തുടർന്ന് ഇവിടെ പാർക്ക് ചെയ്തിരുന്ന ജീപ്പിന് കേടുപാടുകൾ സംഭവിച്ചിരുന്നു. വൈദ്യുതിലൈൻ പൊട്ടി വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായത്. മഴയ്ക്കൊപ്പം ശക്തമായ കോടമഞ്ഞും മലയോരമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞദിവസം ചിന്നക്കനാലിൽ കാട്ടാനആക്രമണത്തിൽ യുവതികൊല്ലപ്പെട്ടതിന് കാരണവും കനത്തമൂടൽ മഞ്ഞിൽ കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടതിനാലാണ്. പീരുമേട്, ദേവികുളം താലൂക്കുകളിൽ മഴ ശക്തമായി തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL