SignIn
Kerala Kaumudi Online
Thursday, 25 June 2026 12.53 PM IST

കേരളത്തിലും 'ബുൾഡോസർ രാജ്'; തൂഫാൻ തരംഗം, ലഹരി വില്പന നടത്തിയിരുന്ന കട പൊലീസ് ഇടിച്ചുനിരത്തി

READ ENGLISH VERSION
operation-thoofan

ഇടുക്കി: കേരളത്തിലും ബുൾഡോസർ കൊണ്ടുള്ള ഇടിച്ചുനിരത്തലിന് തുടക്കമിട്ട് ഇടുക്കിയിൽ കട തകർത്തു. നിരോധിത ലഹരിവസ്തുക്കൾ വിൽപന നടത്തിയ കടയാണ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ഇടുക്കി പൂപ്പാറയിലാണ് സംഭവം. പൊലീസിന്റെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ സഹായത്തോടെയാണ് കട തകർത്തത്.

ഈശ്വരൻ എന്നയാൾ പൂപ്പാറയിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കടയിലാണ് നിരോധിത ലഹരിവില്പന നടന്നിരുന്നത്. ഇയാൾക്കെതിരെ ശാന്തൻപാറ പൊലീസ് അഞ്ചുതവണ കേസെടുക്കുകയും ചെയ്തിരുന്നു. തുടർച്ചയായി നിയമം ലംഘിച്ചിട്ടും കച്ചവടം നിർത്താൻ ഇയാൾ തയ്യാറാകാത്തതിനാൽ കട സ്വമേധയാ പൊളിച്ചുനീക്കാൻ പൊലീസ് നോട്ടീസ് നൽകുകയും ചെയ്തു.

തുടർന്ന് പൊലീസ് നടപടിക്കെതിരെ ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാൻ ശ്രമിച്ചു. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ കോടതി ഹർജി തള്ളി. പിന്നാലെ ഹൈക്കോടതിയിൽ നിന്ന് പൊലീസിന് അനുകൂലമായി വിധിയുണ്ടായി. ഇതേത്തുടർന്നാണ് പഞ്ചായത്തിന്റെ സഹായത്തോടെ കട ബുൾഡോസർ ഉപയോഗിച്ച് പൂർണമായി ഇടിച്ചുനിരത്തിയത്. അതേസമയം, മുൻകൂർ നോട്ടീസ് നൽകാതെയാണ് കട പൊളിച്ചതെന്നാണ് ഈശ്വരൻ ആരോപിക്കുന്നത്.

സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായാണ് കട പൊളിച്ചത്. ലഹരി വില്പന നടത്തുന്നവർക്കെതിരെ ഇത്തരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇടുക്കി പൊലീസ് മുന്നറിയിപ്പ് നൽകി. അനധികൃതമായി സ്ഥാപിച്ച കടകൾ ലഹരി വില്പനക്കായി ഉപയോഗിച്ചാൽ അവ പൂർണമായും പൊളിച്ചുനീക്കും. നിയമപരമായി പ്രവർത്തിക്കുന്ന കടയാണെങ്കിൽ ലഹരി മരുന്ന് വില്പന നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BULLDOZER RAJ, OPERATION THOOFAN, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA