കട്ടപ്പന: ശക്തമായ മഴയെ തുടർന്ന് കാഞ്ചിയാർ ലബ്ബക്കടയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ലബ്ബക്കട ടൗണിൽ പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടുങ്കൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നു വീണത്. ഈ കെട്ടിടത്തിൽ ബാബു അഞ്ചാനി, അനിൽ ചെമ്പൻപുരിയിടം, ശശിധരൻ എന്നിവരുടെ പലചരക്ക് കടകൾ, മിനി കോഫി ഷോപ്പ് എന്നിവയാണ് പ്രവർത്തിച്ചിരുന്നത്.
ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. തകർന്നു വീഴുന്ന ശബ്ദം കേട്ട് കടയിൽ ഉണ്ടായിരുന്ന ഉടമകളടക്കം പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. അമ്പതോളം വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് തകർന്നത്.
മഴ വെള്ളം ഇറങ്ങി വ്യാപാരസ്ഥാപനത്തിൽ ഉണ്ടായിരുന്ന സാധനങ്ങളും നശിച്ചു. നാട്ടുകാരുടെയും കട ഉടമകളുടെയും നേതൃത്വത്തിൽ വ്യാപാരസ്ഥാപനത്തിനുള്ളിലുള്ള സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |