ഇടുക്കി: ആരോഗ്യ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും സമഗ്രമായ വികസന പദ്ധതി തയ്യാറാക്കുന്നതിനുമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന 'കായകൽപ്പം" ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 18ന് നടക്കും. ചെറുതോണി ടൗൺ ഹാളിൽ രാവിലെ 9.30ന് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഘടനാപരമായ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ആശുപത്രികളിലെ പശ്ചാത്തല സൗകര്യങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അപര്യാപ്തതകൾ, മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തതിലുള്ള സാമ്പത്തിക കുടിശ്ശിക, ജീവനക്കാരുടെ കുറവ് മൂലം ചികിത്സാ ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് അടിയന്തരമായി പരിഹാരം കാണുകയാണ് ലക്ഷ്യം. പകർച്ചവ്യാധി നിയന്ത്രണത്തിലെ പോരായ്മകൾ പരിഹരിക്കുകയും സംസ്ഥാനത്തിന് അനയോജ്യമായ ഒരു ആരോഗ്യ നയം രൂപീകരിക്കുകയെന്നതും പരിപാടിയുടെ ഭാഗമാണ്. ഇതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ എം.പി, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും നിർദ്ദേശങ്ങളും പരാതികളും നേരിട്ട് സ്വീകരിക്കും. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നിയോജക മണ്ഡലം അടിസ്ഥാനത്തിൽ മന്ത്രി ചർച്ച നടത്തി അഭിപ്രായങ്ങൾ സ്വരൂപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |