തൊടുപുഴ: സപ്ലൈകോ, കൺസ്യൂമർഫെഡ്, കുടുംബശ്രീ എന്നിവയ്ക്കുപുറമേ ഓണവിപണിയിൽ സജീവമായി മിൽമയും. പരമാവധി വിറ്റുവരവും ലാഭവും നേടിയെടുത്ത് ക്ഷീരകർഷകരെ സഹായിക്കുകയെന്നതിനൊപ്പം ഓണത്തിനോടനുബന്ധിച്ച് മായം കലർന്ന ഉത്പന്നങ്ങളുടെ കടന്നുകയറ്റം തടയുകയും പ്രധാനലക്ഷ്യമാണ്. ഇതിനായി ഗ്രാമീണവിപണി ലക്ഷ്യമിട്ട് പാലും മറ്റ് ഉത്പന്നങ്ങളും പ്രാഥമിക ക്ഷീരസംഘങ്ങളിലെ കടകൾ വഴിയും അംഗീകൃത കേന്ദ്രങ്ങൾ വഴിയും വിൽപ്പന നടത്തും. ജില്ലയിൽ ആയിരത്തോളം കടകളിൽ മിൽമ ഉത്പന്നങ്ങൾ ലഭ്യമാണ്. നേരിട്ടുള്ള മിൽമ വിൽപ്പന കേന്ദ്രം ജില്ലയിലില്ല. കട്ടപ്പന ഡയറിയിൽ പാൽ, തൈര്, നെയ്യ് എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. മറ്റ് മിൽമ ഉത്പന്നങ്ങൾ എറണാകുളം യൂണിറ്റിൽ നിന്നാണ് വിതരണത്തിനായി എത്തിക്കുന്നത്. ഉത്രാടം ദിനം വരെ ഓണ വിപണിയിൽ മിൽമ വിഭവങ്ങൾ ഉണ്ടാകും. പാൽ, തൈര് വില വർദ്ധിപ്പിച്ചെങ്കിലും ഉത്പന്നങ്ങൾക്ക് മുൻ വർഷത്തേക്കാൾ അഞ്ച് ശതമാനം മുതൽ 15 ശതമാനംവരെ വിറ്റുവരവ് കൂടിയിട്ടുണ്ട്.
ഡിമാൻഡ് ഓണക്കിറ്റിന്
ഇത്തവണ പുറത്തിറക്കിയ ഓണക്കിറ്റാണ് മിൽമ സ്പെഷ്യൽ. നാലുവിഭവങ്ങൾ അടങ്ങിയ ഓണക്കിറ്റ് 200 മില്ലി. ലിറ്റർ നെയ്യ്, 250 ഗ്രാം മിൽമ റോസ്റ്റഡ് പാലട മിക്സ്, കപ്പ് കേക്ക്, ബട്ടർകുക്കീസ് എന്നിവയടങ്ങിയതാണ്. 363 രൂപയുടെ കിറ്റിന് പ്രത്യേക കിഴിവോടെ 325 രൂപയ്ക്കാണ് നൽകുന്നത്. ഈ കിറ്റിനാണ് ഡിമാൻഡ് കൂടുതൽ. നിലവിൽ പ്രതിദിനം ശരാശരി 5500 കിലോ തൈര് വിൽക്കുന്നത് ഉത്രാടം ദിനത്തിൽ 22,000 കിലോയായും പാൽ 18,000 ലിറ്റർ എന്നത് 30,000 ലിറ്ററായും ഉയർത്തും.
ഓണ വിപണിയിലെ ഉത്പന്നങ്ങൾ
ചോക്ലേറ്റ്, ക്യാരറ്റ്, ജാക്ക് ഫ്രൂട്ട്, നോർമൽ, ഷുഗർ ഫ്രീ പേഡകൾ, പായസകിറ്റുകൾ, ആട്ടപ്പൊടി, ഇടിയപ്പം, മാംഗോ ഫ്രൂട്ട്, ചെമ്പാവ് പുട്ടുപൊടി, ഇൻസ്റ്റന്റ് ഇടിയപ്പം, റെഡി റ്റു ഈറ്റ് പാലടപായസം എന്നിവ അടക്കം നിരവധി ഉത്പന്നങ്ങൾ ഉണ്ട്. എങ്കിലും നെയ്, പായസം മിക്സഡ് കിറ്റുകൾ, പേഡ എന്നിവയ്ക്കാണ് ഡിമാൻഡ് കൂടുതൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |