
തൃശൂർ: ഓണക്കാലത്തിന് ആവേശമേകി കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും പരമ്പരാഗത ആയോധനകലയായ 'ഓണത്തല്ലിന്' ഒരുക്കങ്ങളായി. 12 വയസുള്ള കുട്ടികൾ മുതൽ 80 പിന്നിട്ട കാരണവന്മാർ വരെ പങ്കെടുക്കുന്ന കയ്യാങ്കളി 27ന് ഉച്ചയ്ക്ക് 2.30ന് കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കും. കളരിപ്പയറ്റിലെ ചുവടുകളും അടവുകളും താളങ്ങളും കോർത്തിണക്കിയ ഈ നാടൻ കായികവിനോദം ഗ്രാമീണമേഖലയുടെ പ്രധാന ആകർഷണമാണ്. മെയ്യനക്കി "ഹയ്യത്തടാ" എന്ന് ആർത്തുവിളിച്ച് നിലത്തുചാടി അമർന്നാണ് തല്ലുകാർ ഗോദയിലെത്തുന്നത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, ചെറുത്തുരുത്തി മേഖലകളിൽ സജീവമായ ഈ അഭ്യാസമുറയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കുന്നംകുളം പോപ്പുലർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സെന്റർ ഒരുക്കുന്ന പ്രദർശനത്തിൽ കരാട്ടെ ദോ കൊമ്പോദോ പ്രദർശനവും അരങ്ങേറും. ഒ.ജെ.ജനീഷ് ഉദ്ഘാടനം നിർവഹിക്കും. എ.സി.മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയാകുമെന്ന് സി.യു.ബിനോയ്, ഡർബി ചീരൻ, എം.കെ.ശിവദാസൻ, വേണുഗോപാൽ ഏറത്ത്, മാത്യു ചെമ്മണ്ണൂർ എന്നിവർ അറിയിച്ചു. സ്വയരക്ഷയ്ക്കായി അഭ്യസിച്ചിരുന്ന ഈ കലാരൂപം പ്രായഭേദമന്യേ ജില്ലയിലെ കായികപ്രേമികളുടെ ആവേശമാണ്.
കളത്തിലിറങ്ങാം
തറ്റുടുത്ത് അരയിൽ കച്ചക്കെട്ടി ആശാന്മാരുടെ അനുഗ്രഹം വാങ്ങി തല്ലുകാർ കളത്തിലിറങ്ങും. ഇരുചേരികളിൽ നിന്നുമെത്തുന്ന രണ്ടുപേർ പരസ്പരം കൈകൊടുത്ത് മൂന്നോ നാലോ തവണ നടന്ന ശേഷമാണ് തല്ല് ആരംഭിക്കുന്നത്. കൈ പരത്തിയുള്ള അടിയും തടയും മാത്രമാണ് അനുവദനീയം; കാലുകൾ ഉപയോഗിക്കാൻ പാടില്ല. കളിക്കളത്തിൽ വീഴുകയോ ചോര പൊടിയുകയോ അരയിലെ കച്ച അഴിയുകയോ ചെയ്താൽ തോൽവിയായി കണക്കാക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏൽപ്പിക്കുന്ന തല്ലുകളുടെ കൃത്യത വിജയിയെ നിശ്ചയിക്കുന്നു. കളി കാര്യമാകാതിരിക്കാൻ റഫർ ഇടപെടലുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |