കട്ടപ്പന: ഓണം കഴിഞ്ഞെങ്കിലും സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പറിന്റെ വില്പന കുതിക്കുന്നു. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക സമ്മാനമായി നൽകുന്ന ഇത്തവണത്തെ ബമ്പറെടുക്കാൻ ആളുകളുടെ തിരക്കാണ്. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായാണ് ഓണം ബമ്പർ 2026 വിപണിയിലെത്തിയത്. 30 കോടി രൂപയാണ് ഈ വർഷത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ നാല് വർഷമായി 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിൽ ഇത്തവണ അഞ്ച് കോടിയുടെ വർദ്ധനവാണ് വരുത്തിയത്. ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയാണ്. അതിനാൽ തന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. സെപ്തംബർ 26ന് ശനിയാഴ്ചയാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടക്കുക. പത്ത് വർഷം മുമ്പ് പത്ത് കോടി രൂപയായിരുന്നു ബമ്പറിന്റെ ഒന്നാം സമ്മാനം. ഇത്ര വലിയ സമ്മാനത്തുക നൽകുന്നതു കൊണ്ട് തന്നെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും കാലാകാലങ്ങളായി വർദ്ധന സംഭവിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകൾ ബമ്പർ ടിക്കറ്റ് എടുക്കുകയും സമ്മാനങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷവും ടിക്കറ്റ് വിൽപനയിൽ ചരിത്രം സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.
സമ്മാനത്തുക ഓരോ വർഷവും
2016- 10 കോടി
2017- 12 കോടി
2018- 10 കോടി
2019- 12 കോടി
2020- 12 കോടി
2021- 12 കോടി
2022- 25 കോടി
2023- 25 കോടി
2024- 25 കോടി
2025- 25 കോടി
2026- 30 കോടി
ആകെ അഞ്ച് ബമ്പറുകൾ
കേരളത്തിന് പ്രധാനമായും അഞ്ച് ബമ്പർ ലോട്ടറികളാണുള്ളത്, ഓണം ബമ്പർ, ക്രിസ്മസ്ന്യൂയർ ബമ്പർ, വിഷു ബമ്പർ, സമ്മർ ബമ്പർ, മൺസൂൺ ബമ്പർ എന്നിവയാണവ. ഇവയിൽ ഏറ്റവും കൂടുതൽ സമ്മാനം നൽകുന്നത് ഓണം ബമ്പറിനാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |