കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്ക്
പീരുമേട്: കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയിൽ ഈ മാസം തുടക്കത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് റോഡിലേക്ക് ഒലിച്ചെത്തിയ വൻപാറയും മണ്ണും പൂർണ്ണമായി ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതോടെ ദിവസങ്ങളായി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കടുവാപ്പാറ, അമലഗിരി എന്നിവിടങ്ങളിൽ ഉരുൾ പൊട്ടലിൽ ഒലിച്ചെത്തിയ മണ്ണും കല്ലും പാതയോരത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഉരുൾപ്പൊട്ടലിൽ കൂറ്റൻ പാറയാണ് റോഡിൽ വന്ന് കിടക്കുന്നത്. ഇതോടെ റോഡിന്റെ വീതി കുറഞ്ഞു. വാഹനങ്ങൾ നിരതെറ്റി കടന്നുപോകാൻ ശ്രമിക്കുകയും ചെയ്യുന്നതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതതടസത്തിനാണ് കാരണമാകുന്നത്. കൂറ്റൻ കല്ലുകളായതിനാൽ പൊട്ടിച്ച് മാറ്റണം. ഓണം അവധി ദിനങ്ങളിൽ കുട്ടിക്കാനം മുതൽ കൊടുക്കുത്തി വരെ കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളും രോഗികളും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യം പതിവായിട്ടുണ്ട്. ഒരു മാസമായിട്ടും റോഡിലെ കല്ലും മണ്ണും അധികൃതർ നീക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. റോഡരികിലെ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കി ഗതാഗതം സുഗമമാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.
മണിയൻസിറ്റിയിലെയും പാറ മാറ്റിയില്ല
കരിമണ്ണൂർ: പട്ടയക്കുടി- കരിമണ്ണൂർ റോഡിൽ തൊമ്മൻകുത്ത് മണിയൻസിറ്റിക്ക് സമീപം റോഡിൽ വീണ കൂറ്റൻപാറക്കല്ല് ഒരു മാസമായിട്ടും നീക്കിയില്ല. ആഗസ്റ്റ് ഒന്നിനാണ് കനത്ത മഴയെ തുടർന്ന് ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. ദിനംപ്രതി നിരവധിവാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ പാറ കിടക്കുന്നത് വാഹനയാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. റോഡിൽ തടസമായി നിൽക്കുന്ന പാറ കാരണം ആനയാടികുത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. വലിയ വാഹനങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് മണിയൻ സിറ്റിയിൽ ഇറങ്ങിയ ശേഷം ട്രിപ്പ് ജീപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു. കൂടാതെ, തൊമ്മൻകുത്തിൽ നിന്ന് മുണ്ടൻമുടി, വണ്ണപ്പുറം- ചേലച്ചുവട് സംസ്ഥാന പാത എന്നിവിടങ്ങളിലേക്ക് എത്തുന്നതിനായി ജനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നതും ഈ റോഡിനെയാണ്. എന്നാൽ, മേഖലയിൽ ഖനനത്തിന് നിയന്ത്രണമുള്ളതിനാൽ കളക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ലഭിച്ച ശേഷമേ പാറ പൊട്ടിക്കാനാകൂ എന്നാണ് അധികൃതരുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |