SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.22 AM IST

ഓണംകഴിഞ്ഞിട്ടും നഗരം ഇരുട്ടിൽ

തൊടുപുഴ: നാടെങ്ങും ഓണഘോഷം കെങ്കേമം ആയപ്പോൾ പതിവുതെറ്റിക്കാതെ ഇത്തവണയും തൊടുപുഴ നഗരത്തിലെ പാതയോരങ്ങളെല്ലാം ഇരുട്ടിൽ തന്നെയായിരുന്നു. ഓണം കഴിഞ്ഞിട്ടും നഗരത്തിലെ ഈ അവസ്ഥയിൽ കാര്യമായമാറ്റമില്ല എന്നതാണ് യാഥാർത്ഥ്യം. പലയിടത്തും തെരുവ് വിളക്കുകൾ ഭൂരിഭാഗവും മിഴി അടച്ചതോടെയാണ് നഗരം ഇരുട്ടിലായത്. രാത്രികാലങ്ങളിലെ ഈ യാത്രദുരിതം വാഹയാത്രികർക്ക് തീരാദുരിതമായി തുടരുകയാണ്. നോക്കുകുത്തികൾ പോലെ പലയിടത്തായി വലിയ ഹൈമാസ്റ്റ് ലൈറ്റുകളും നിരവധി മിനി ഹൈമാസ്റ്റ് ലൈറ്റുകളും ഉണ്ടെങ്കിലും ഭൂരിഭാഗവും മിഴിയടഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടുകഴിഞ്ഞു. പോസ്റ്റുകളിലെ പുതിയ എൽ.ഇ.ഡി വഴി വിളക്കുകളും പലയിടത്തും തെളിയുന്നില്ല. പലപ്പോഴും യാത്രക്കാർ രാത്രിയാത്ര ചെയ്യുന്നതാകട്ടെ സമീപത്ത് പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനത്തിന്റെ വെളിച്ചത്തിലാണ്. രാത്രി ഒമ്പതിന് ശേഷം കടകളടയ്ക്കുന്നതോടെ പലയിടത്തും ഇത്തരത്തിലുള്ള വെളിച്ചവും ഇല്ലാതാകും. വെളിച്ചക്കുറവ് മൂലം പലപ്പോഴും എതിരെ നിന്ന് വരുന്ന വാഹനങ്ങൾ ദൂരെ നിന്ന് കാണാൻ കഴിയുന്നില്ലെന്നും ഇത് വലിയ രീതിയിലുള്ള അപകടങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നതായും പരാതിയുണ്ട്. ഇരുട്ടിൽ രാത്രികാലങ്ങളിൽ സഞ്ചരിന്ന കാൽനടയാത്രക്കാർ ഇഴജന്തുക്കളെയും തെരുവ് നായ്ക്കളെയും പേടിച്ച് വേണം സഞ്ചരിക്കാൻ. വെളിച്ചമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധ ശല്യവും ഭയക്കണം. വഴിവിളക്കുകൾ ഇടവേളകളിൽ മാറ്റി സ്ഥാപിക്കാനും പരിശോധിക്കാനും നൽകിയ കരാറുകാരനാകട്ടെ എല്ലാം ഉപേക്ഷിച്ച മട്ടാണ്.

 നഗരസഭയ്ക്ക് നിസംഗത

കൗൺസിൽ യോഗങ്ങളിൽ നിരന്തരം ഒച്ചപ്പാടിന് ഇടയാക്കുന്ന വിഷയമായിട്ടും പ്രശ്നത്തിൽ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നഗരത്തിലെ വിവിധ വാർ‌ഡുകളിലായി നൂറുകണക്കിന് ലൈറ്റുകളാണ് മിഴിയടച്ചിരിക്കുന്നത്. ജനങ്ങളുടെ പരാതികേട്ട് മടുത്തതോടെ കൗൺസിലർമാരിൽപലരും സ്വന്തം കൈയിൽ നിന്നും പണം മുടക്കി പലയിടത്തും ബൾബുകൾ മാറ്റിയെങ്കിലും ഇവ കേടായതോടെ വീണ്ടും ഇരുട്ടിലാണ്. നിലവിലുള്ള കരാറുകാരനെ മാറ്റി പുതിയ കരാർനൽകണമെന്ന് കൗൺസിൽ യോഗങ്ങളിൽ നിരന്തരം ആവശ്യം ഉയരാറുണ്ടെങ്കിലും തുടർനടപടികളില്ല എന്നതാണ് യാഥാർത്ഥ്യം. നഗരസഭയുടെ പ്രാഥമിക ഉത്തരവാദിത്വത്തിൽ ഉൾപ്പെട്ടതാണ് വഴിവിളക്കുകൾ പ്രകാശിപ്പിക്കുക എന്നത്.എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് അധികൃതരുടെ ഭാവമെന്നും വ്യാപകവിമർശനമുണ്ട്. നഗരസഭ ചെയർപേഴ്സണും മുന്നണിയിലെ കൗൺസിലർമാരുമായുള്ള ഭിന്നതയുംമൂലം നഗരസഭയുടെ ഭരണം സ്തംഭനാവസ്ഥയിലായതോടെ വികസനകാര്യങ്ങൾ നടക്കുന്നില്ല എന്ന് യു.ഡി.എഫ് അനുഭാവികൾക്കിടയിലും വലിയ വിമർശനമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL