SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.52 PM IST

സഞ്ചാരികൾ ഒഴുകിയെത്തി നീലക്കുറിഞ്ഞി കാണാൻ

 ഓണാവധി ആഘോഷിക്കാനെത്തിയത് 1.38 ലക്ഷം പേർ‌

തൊടുപുഴ: ഇത്തവണ ഓണാവധി ആഘോഷിക്കാൻ ജില്ലയിലെത്തിയത് 1.38 ലക്ഷം വിനോദസഞ്ചാരികൾ. 17 മുതൽ 30 വരെയുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) കണക്ക് പ്രകാരമാണിത്. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് വാഗമണ്ണിലാണ്. വാഗമൺ മൊട്ടക്കുന്നിൽ 46449 പേരും അഡ്വഞ്ചർ പാർക്കിൽ 32236 പേരുമാണ് എത്തിയത്. മിക്കയിടത്തും സഞ്ചാരികൾ സജീവമായത് തിരുവോണം മുതലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സഞ്ചാരികൾ കൂടുതലായി എത്തിയെങ്കിലും പ്രതീക്ഷിച്ചതിന്റെ പകുതി പോലും ഒഴുക്കുണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. കാലവർഷത്തിന്റെ ഭാഗമായുള്ള കനത്തമഴയും ചിലയിടങ്ങളിലെ രാത്രികാല യാത്രാനിയന്ത്രണങ്ങളുമെല്ലാം വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി. കാലാവസ്ഥ പ്രതികൂലമായെങ്കിലും ഓണത്തിനു ശേഷവും സഞ്ചാരികൾക്ക് ഇടുക്കിയോടുള്ള താത്പര്യം കുറഞ്ഞില്ല. മൂന്നാറിലും പരിസരപ്രദേശങ്ങളിലും വിവിധയിടങ്ങളിൽ നീലക്കുറിഞ്ഞി പൂത്തത് കാണാൻ പ്രവേശനം അനുവദിച്ചതാണ് മഴയെപ്പോലും വകവെയ്ക്കാതെ സഞ്ചാരികൾ എത്താൻ പ്രധാന കാരണമായത്. കുറിഞ്ഞി പൂത്തതിനാൽ തിരുവിതാംകൂർ,​ മലബാർ മേഖലകളിൽ നിന്നടക്കം കൂടുതൽ സഞ്ചാരികൾ ഇത്തവണയെത്തി. സാധാരണയായി തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നും പോണ്ടിച്ചേരിയിൽ നിന്നുമാണ് കൂടുതൽ സഞ്ചാരികൾ എത്താറുള്ളത്. വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളുമാണ് സഞ്ചാരികളുടെ ഇഷ്ടയിടങ്ങൾ.

 ( വിനോദസഞ്ചാര കേന്ദ്രങ്ങൾ, എത്തിയ സഞ്ചാരികൾ )

മാട്ടുപ്പെട്ടി- 1902

രാമക്കൽമേട്- 10939

അരുവിക്കുഴി- 1985

എസ്.എൻ പുരം- 7026

വാഗമൺ മൊട്ടക്കുന്ന്- 46449

വാഗമൺ അഡ്വഞ്ചർ പാർക്ക്- 32236

പാഞ്ചാലിമേട്- 11658

ഹിൽവ്യൂ പാർക്ക്- 6910

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ- 17041

ആമപ്പാറ - 2718

 തിരക്കിനൊപ്പം കുരുക്കും

തിരുവോണദിനം മുതൽ സഞ്ചാരികൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതിനാൽ വാഗമൺ, മൂന്നാർ ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിലുണ്ടായ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തിയ സഞ്ചാരികൾക്ക് ഇതുമൂലം മുഴുവൻ ടൂറിസം പോയിന്റുകളിലുമെത്തി കാഴ്ചകൾ കാണാൻ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. ദൂരെയുള്ള ജില്ലകളിൽ നിന്ന് ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയവരാണ് ഗതാഗതക്കുരുക്കിൽ കൂടുതലും വലഞ്ഞത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL