തൊടുപുഴ: സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തികരവും വർഗീയവുമായ പരാമർശങ്ങൾ അടങ്ങിയ കുറിപ്പുകൾ ഷെയർ ചെയ്തതിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പരാതിയ്ക്കിടയാക്കിയത് ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ. ഇതിൽ ഒരാൾ അന്വേഷണ വിധേയമായി സസ്പെൻഷനിലാണ്. തൊടുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. വിജേഷാണ് നടപടി നേരിട്ട ഉദ്യോഗസ്ഥൻ. ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് എ.എസ്.ഐയായ വനിത ഉദ്യോഗസ്ഥയ്ക്കെതിരെയാണ് മറ്റൊരു പരാതി. രണ്ടു പേരും തൊടുപുഴ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. മുമ്പും ഇരുവർക്കുമെതിരെ സമാനരീതിയിലുള്ള പരാതി ഉയർന്നിട്ടുള്ളതാണ്. എന്നാൽ സംഭവം പൊലീസ് സേനയ്ക്ക് നാണക്കേടാകുമെന്നതിനാലാണ് കാര്യമായ നടപടികൾ കൈക്കൊള്ളാതിരുന്നതെന്നും പറയപ്പെടുന്നു. സാധാരണ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ഇത്തരം പരാമർശങ്ങൾ നടത്തിയെന്ന പേരിലുള്ള നിരവധി പരാതികൾ പൊലീസ് കൈകാര്യം ചെയ്യുന്നതാണ്. എന്നാൽ ഇത്തരമൊരു കേസിൽ സ്വന്തം സേനാംഗങ്ങൾക്കെതിരെ പരാതി ഉയർന്നത് സേനയ്ക്കും വലിയ തിരിച്ചടിയായി.
മുസ്ലീം മതവിഭാഗത്തെ അധിക്ഷേപിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തതായാണ് എസ്.ഐ കെ. വിജേഷിനെതിരായ പരാതി. എസ്.ഐ വർഗീയ പരാമർശം നടത്തിയതായി ആരോപിച്ച് യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. പാലാരിവട്ടത്ത് വഴിയിൽ ഇട്ട പൂക്കളം മുഖംമറച്ച ഒരു സ്ത്രീ തട്ടിമറിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾക്കൊപ്പം വിദ്വേഷ പരമാർശത്തോടെയുള്ള കമന്റ് ഷെയർ ചെയ്തുവെന്നാണ് പരാതി.
പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും നിരന്തരം അവഹേളിക്കുന്നതായി കാട്ടിയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ യുവമോർച്ച ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റിയുടെ പരാതി.
മുമ്പും കുലുക്കിയ വിവാദങ്ങൾ
കഴിഞ്ഞ ഏതാനും വർഷങ്ങളായി തൊടുപുഴ മേഖലയിൽ പൊലീസിനെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. സൈക്കിൾ മോഷണം, ലഹരി വിൽപ്പന, മദ്യപിച്ച് ഡ്യൂട്ടിചെയ്യൽ, വർഗീയസ്വഭാവമുണ്ടെന്ന് ആക്ഷേപമുള്ള സംഘടനയ്ക്ക് ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകൽ, ഭൂമാഫിയയുമായുള്ള ബന്ധം അടക്കം നിരവധി ഗുരുതര ആരോപണങ്ങൾ ഈ സ്റ്റേഷനിലും ഡിവൈ.എസ്.പി ഓഫീസ് പരിധിയിലുള്ള കരിമണ്ണൂർ സ്റ്റേഷനിലെയും ചില ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നിട്ടുണ്ട്. ഇതിൽ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകിയ കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ച് വിട്ടു. എം.ഡി.എം.എയും കഞ്ചാവുമായി പിടിയിലായ ഉദ്യോഗസ്ഥൻ ഏറെ നാൾ സസ്പെൻഷനിലായിരുന്നു. മദ്യപിച്ച് ഡ്യൂട്ടി ചെയ്ത കേസിലെ ഉദ്യോഗസ്ഥന് അടുത്തിടെ പ്രമോഷൻ നൽകിയത് വലിയ വിവാദമായിരുന്നു. സൈക്കിൾ മോഷണക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥനും ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനും നിലവിൽ അന്വേഷണം നേരിടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |