കട്ടപ്പന: നഗരത്തിൽ ഇതര സംസ്ഥാനക്കാർ നടത്തിവന്ന പാൻമസാല കടകൾ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ക്ലീൻസിറ്റി മാനേജർ ആറ്റ്ലി പി. ജോണും സംഘവുമാണ് പരിശോധന നടത്തിയത്. വിൽപ്പന കേന്ദ്രങ്ങളും പൊളിച്ചുനീക്കി. അനധികൃതമായി പ്രവർത്തിച്ചുവന്ന ടാറ്റൂ കേന്ദ്രങ്ങളും ഒഴിപ്പിച്ചു. ഇവരുടെ പക്കൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഞായറാഴ്ചകളിൽ അന്യസംസ്ഥാന തൊഴിലാളികൾ തങ്ങുന്ന സ്ഥലങ്ങളിൽ പാൻമസാല, പുകയില ഉത്പന്ന വിൽപ്പന വ്യാപകമാണ്. ഇതുസംബന്ധിച്ച പരാതിയെ തുടർന്നായിരുന്നു പരിശോധന. കുന്തളംപാറ റോഡ്, മാർക്കറ്റ്, ഇടശേരി ജങ്ഷൻ, പുതിയ ബസ് സ്റ്റാൻഡ്, നഗരത്തിലെ മറ്റ് പ്രധാന ജങ്ഷനുകൾ എന്നിവിടങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും മാടക്കടകൾ പൊളിച്ചു നീക്കുകയുംചെയ്തു. വഴിയോരത്തെ ടാറ്റു കേന്ദ്രങ്ങളും ഒഴിപ്പിച്ചു. ഞായറാഴ്ചകളിൽ ആയിരക്കണക്കിന് ഇതര സംസ്ഥാനക്കാരാണ് നഗരത്തിലെത്തുന്നത്. ഇവർ ഗതാഗതം തടസപ്പെടുത്തി കൂട്ടംകൂടുന്നതും മദ്യലഹരിയിൽ തമ്മിലടിക്കുന്നതും പതിവാണ്. പൊതുഇടങ്ങൾ കൈയേറി അനധികൃത വ്യാപാരവും നടത്തുന്നുണ്ട്. ഇവരുടെ പക്കൽ നിന്ന് കുട്ടികളും സ്ത്രീകളും പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ ജീവനക്കാരായ ബിബിൻ തോമസ്, മനു, ബിജു മാത്യു എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |