തൊടുപുഴ: ജില്ലയിലുള്ള തീയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു. പോപ്പ്കോൺ, ശീതളപാനീയങ്ങൾ, കോഫി എന്നിവയ്ക്ക് അമിത വില ഈടാക്കുന്നതായ പരാതി ശക്തമാണ്. പല തീയേറ്ററുകളിലും പുറമേ നിന്നുള്ള ഭക്ഷണസാധനങ്ങളുമായി എത്തുന്നതിന് വിലക്കുണ്ട്. ഇത് അവസരമാക്കിയാണ് പലരും മുതലെടുപ്പ് നടത്തുന്നത്. കുടുംബസമേതം എത്തുന്നവർക്ക് ഒരു റെസ്റ്റോറന്റിൽ കയറുന്നതിനേക്കാൾ ചെലവാണ് ഉള്ളത്. ടിക്കറ്റ് കാശിനേക്കാൾ കൂടുതൽ പണം ചായയും ഇതിനൊപ്പമുള്ള സ്നാക്സും വാങ്ങിയാൽ ആകുന്നതായാണ് പ്രധാന പരാതി.
പുറത്ത് കടയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഇരട്ടി വിലയിലാണ് പല തീയേറ്ററുകളിലും ഈടാക്കുന്നത്. മാത്രമല്ല വാങ്ങുന്ന സാധനങ്ങൾക്ക് വിലയുടെ ആനുപാതിക അളവില്ലെന്ന പരാതിയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന നഗരത്തിൽ കഴിഞ്ഞദിവസം ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നെങ്കിലും തൊടുപുഴയിൽ പരിശോധനകൾ കാര്യക്ഷമമല്ലെന്ന വിമർശനം ശക്തമാണ്. കട്ടപ്പനയിലെ പരിശോധനയിൽ ക്രമേക്കേട് കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകിയതിനുപുറമേ കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തിരുന്നു.
സാധനങ്ങൾക്ക്
ബിൽ ഇല്ല
ജില്ലയിലെ പല തീയേറ്ററുകളിലും ഭക്ഷണസാധനങ്ങൾ വാങ്ങിയാൽ ബിൽ വാങ്ങിവെക്കുന്നതായ പരാതി ശക്തമാണ്. മുൻകൂർ ബില്ലടച്ചാലാണ് ഭക്ഷണം വാങ്ങാനാകുക. എന്നാൽ ഈ ബില്ല് ഉപഭോക്താവിന് തിരികെ നൽകുന്ന രീതി ഒരിടത്തുമില്ല. ആരെങ്കിലും ബിൽ തിരികെ ചോദിച്ചാൽ ഇല്ല എന്ന ഒറ്റവാക്കിലുള്ള റെഡിമെയ്ഡ് മറുപടിയാണ് ലഭിക്കുക.
വൻകൊള്ളയെന്ന് വിമർശനം
തൊടുപുഴ നഗരത്തിലുള്ള പ്രമുഖതീയേറ്ററിൽ ഭക്ഷണത്തിന് ഇരട്ടി വില ഈടാക്കുന്നതായി വിമർശനമുണ്ട്. നഗരത്തിലെ മറ്റ് തീയേറ്ററുകളെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികം വിലയാണെന്നതാണ് പ്രധാനവിമർശനം. മറ്റുള്ള തീയേറ്ററുകളിൽ ഒരു ചെറിയ പോപ്പ് കോണിന് മിനിമം വില 60 മുതലാണ് ആരംഭിക്കുന്നതെങ്കിൽ ഇവിടെ 130 മുതലാണ് ആരംഭിക്കുന്നത്. 30ന് ലഭിക്കുന്ന ചായക്ക് പോലും മിനിമം 50 രൂപ നൽകണം. മറ്റ് സാധനങ്ങൾക്കെല്ലാം ഇതിലും ഇരട്ടി വിലയാണുള്ളത്. കടുത്തവേനൽ ചൂടിൽ പൊതുജനങ്ങൾക്കായി എല്ലാ തീയേറ്ററുകളിലും സൗജന്യകുടിവെള്ള സംവിധാനമുണ്ടെങ്കിലും ഇവിടെ അതുമില്ലെന്ന അവസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |