
പാലക്കുന്ന് : കാർഷികാധിഷ്ഠിതമായ പോയ കാലത്തിന്റെ സ്മരണകളുണർത്തി വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും ഉത്രാടം നാളിൽ 'നിറകെട്ടൽ' നടന്നു. ആദ്യം കൊയ്തെടുത്ത നെൽക്കതിരുകളും അത്തി, ഇത്തി, ആൽ, അരയാൽ, പ്ലാവ്, മുള, തുളസി എന്നിവയുടെ ഇലകളും പൊലിവള്ളിയും ചേർത്ത് വാഴയിലയിൽ ചുരുട്ടി പാന്തം (തെങ്ങിൻ മടലിന്റെ പുറംതോല്) കൊണ്ട് കെട്ടിയുണ്ടാക്കുന്നതാണ് നിറ.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട് പള്ളിയറയ്ക്ക് മുന്നിൽ കലശാട്ട് കർമ്മങ്ങൾക്ക് ശേഷം ആചാരസ്ഥാനികർ നിറകൾ കെട്ടി. ഇവ ഓരോന്നും ഭണ്ഡാര വീട്ടിലെയും ക്ഷേത്രത്തിലേയും പ്രധാനപ്പെട്ട ഇടങ്ങളിൽ കെട്ടി വെച്ചു. ലഭ്യതയനുസരിച്ച് ഭണ്ഡാര വീട്ടിലെത്തുന്നവരും നിറ കെട്ടി വീടുകളിലേക്ക് കൊണ്ടുപോയി. കഴക പരിധിയിലെ വയനാട്ടുകുലവൻ തറവാടുകളിലും നിറ കെട്ടൽ ചടങ്ങ് നടന്നു. അടുത്ത വർഷം വരെ കെട്ടിയ നിറകൾ തൽസ്ഥാനത്ത് ഉണ്ടാകും. ഐശ്വര്യപ്രദായകമായ ചടങ്ങു കൂടിയാണ് നിറകെട്ടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |