SignIn
Kerala Kaumudi Online
Friday, 23 October 2026 11.44 AM IST

ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

court
കോടതി

കാസർകോട്: പ്രണയവിവാഹത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയുണ്ടായ കൊലപാതകശ്രമം ചെറുക്കുന്നതിനിടെ ഉപ്പള പൊസോട്ട് ഓട്ടോഡ്രൈവർ ജെമ്മി എന്ന മുഹമ്മദ് സമീറിനെ (23)കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഉപ്പള പൊസോട്ടെ അബൂബക്കർ സിദ്ധിഖിനെ(45)യാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ്(മൂന്ന്) കോടതി ജഡ്ജി അജിത്യരാജ് ഉണ്ണി ശിക്ഷിച്ചത്.

കൊലപാതകത്തിനാണ് ജീവപര്യന്തം ശിക്ഷ. കൊലപാതകശ്രമത്തിന് ഏഴുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട സമീറിന്റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു.

ഇന്നലെ രാവിലെയാണ് അബൂബക്കർ സിദ്ധിഖ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഉച്ചയോടെ ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. കേസിലെ രണ്ടാംപ്രതി ഹാറൂൺ റഷീദ് കോടതിയിൽ ഹാജരാകാതെ ഒളവിവിൽ കഴിയുകയാണ്. ഹാറൂണിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൂന്നാംപ്രതി മുഹമ്മദ്കുഞ്ഞി മരണപ്പെട്ടതിനാൽ കേസ് രേഖകളിൽ നിന്ന് നീക്കം ചെയ്തു.

2008 ആഗസ്ത് 24ന് രാത്രി എട്ടുമണിയോടെ പൊസോട്ടുവെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുഹമ്മദ് സമീറിന്റെ സുഹൃത്തായ അബ്ദുൾ മുനീറിനെ പ്രതികൾ ഫോണിൽ വിളിച്ച് പൊസോട്ടെത്താൻ ആവശ്യപ്പെടുകയായിരുന്നു. മുഹമ്മദ് സമീറിന്റെ ഓട്ടോയിൽ അബ്ദുൾ മുനീറും മറ്റൊരു സുഹൃത്ത് നൗഫലും പൊസോട്ടെത്തി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ പ്രതികൾ അബ്ദുൽ മുനീറിനെ കഠാര കൊണ്ട് കുത്താൻ ശ്രമിച്ചു. തടഞ്ഞപ്പോഴാണ് മുഹമ്മദ് സമീറിനെ കുത്തിയത്. നെഞ്ചിനും വയറിനും ആഴത്തിൽ പരിക്കേറ്റ സമീർ മരണപ്പെടുകയായിരുന്നു.

അബ്ദുൾ മുനീറിന്റെ പ്രണയവിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു. വിവാഹദിവസം മുനീറിന്റെ അമ്മാവനായ ഒന്നാം പ്രതി അബൂബക്കർ സിദ്ധിഖ് കടം വാങ്ങിയ പണം പ്രണയവിവാഹത്തിലുള്ള വൈരാഗ്യം വെച്ച് തിരികെ ചോദിച്ചു. പൊസോട്ടേക്ക് വന്ന് പണം നൽകാനാണ് അബൂബക്കർ സിദ്ധിഖ് മുനീറിനോട് ഫോണിൽ ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുനീറും നൗഫലും സമീറിന്റെ ഓട്ടോയിൽ പൊസോട്ടേക്ക് പോകുകയായിരുന്നു. സ്ഥലത്തെത്തിയ ഉടൻ തന്നെ അബൂബക്കർ സിദ്ധിഖ് മുനീറുമായി വാക്കുതർക്കത്തിലേർപ്പെടുകയും കത്തി കൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ചപ്പോൾ സമീറിന് കുത്തേൽക്കുകയായിരുന്നു. നൗഫലിനെ ടോർച്ചുകൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

നൗഫലിന്റെ പരാതിപ്രകാരമാണ് അബൂബക്കർ സിദ്ധിഖ് ഉൾപ്പെടെയുള്ളവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. അന്നത്തെ മഞ്ചേശ്വരം ഇൻസ്‌പെക്ടർമാരായ കെ ദാമോദരൻ, ടി.പി രഞ്ജിത്ത് എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്ന ഒന്നാംപ്രതിയെ 2012ൽ ടി.പി രഞ്ജിത്താണ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായ സിബി തോമസാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. 19 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്. മുപ്പതോളം രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ പി സതീഷ്, അമ്പിളി എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL