
കാസർകോട്: തളങ്കര നുസ്രത്ത് നഗറിൽ താമസിച്ചിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകൻ സൈനുൽ ആബിദ് (24) കൊല്ലപ്പെട്ട കേസിൽ 20 പ്രതികളെയും കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) വെറുതെവിട്ടു. കാസർകോട് ബട്ടമ്പാറ സ്വദേശിയായ മഹേഷ് എന്ന ബട്ടമ്പാറ മഹേഷ്, ഉദയൻ എന്ന ബട്ടി ഉദയൻ, കെ.പ്രശാന്ത്, ബി.ഹരീഷ് , അനിൽകുമാർ എന്ന കടമ്പ് അനി, വരുൺകുമാർ, ശൈലേഷ്, അജയകുമാർ ഷെട്ടി എന്ന തേജു, അഭി എന്ന അഭിഷേക്, അക്ഷയ് റായ്, കെ.കൃഷ്ണ , സച്ചിൻ എന്ന സച്ചു, കെ.വിജേഷ് എന്ന വിജു, അഭിഷേക് എന്ന അഭി, സി.പ്രജിത്ത് , കെ.സജിത് കുമാർ എന്ന സഞ്ജു, ജി.വൈശാഖ് , ജി.രാധാകൃഷ്ണൻ , ആർ.അനിൽകുമാർ എന്ന അനിക്കുട്ടൻ, സമ്പ്രീത് എന്ന പാച്ചു എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളെല്ലാം ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരാണ്. ജഡ്ജി അചിന്ത്യ രാജ് ഉണ്ണിയാണ് വിധി പുറപ്പെടുവിച്ചത്. എട്ടാം പ്രതിയായ ജ്യോതിഷ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. 2014 ഡിസംബർ 22ന് രാത്രി ഒമ്പതരയോടെ കാസർകോട് എം.ജി റോഡിലെ ജെ.ജെ. ബെഡ് സെന്ററിൽ അതിക്രമിച്ചുകയറിയ സംഘം സൈനുൽ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
ബി.ജെ.പി പ്രവർത്തകനായ ജ്യോതിഷിനെ ആക്രമിച്ചതിന്റെ വിരോധത്തിലാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. ഏക ദൃക്സാക്ഷിയായ ആബിദിന്റെ പിതാവ് വാഹനാപകടത്തിൽ മരിച്ചത് കേസിൽ തിരിച്ചടിയായെന്ന് പ്രോസിക്യൂട്ടർ പി.സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |