
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിനെതിരെ ആക്രമണം. സമീപവാസിയായ യുവാവാണ് വെട്ടുകത്തിയുമായി വായന്തോട്ടെ സമരപ്പന്തലിലെത്തി ആക്രമിച്ചത്. വെട്ട് തടയുന്നതിനിടെ രാജീവ് ജോസഫിന്റെ കൈക്ക് മുറിവേറ്റു.
പ്രതിയെ മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം.വീട്ടിൽ നിന്ന് വെട്ടുകത്തിയുമായി സമരവേദിയിലെത്തുകയായിരുന്നു യുവാവ് . ഈയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സമീപവാസികൾ പറഞ്ഞു. വധശ്രമമാണ് നടന്നതെന്നും കഴുത്തിന് ആറുതവണ വെട്ടാൻ ശ്രമിച്ചെന്നും രാജീവ് ജോസഫ് പറഞ്ഞു. സമരപന്തലിൽ ഉണ്ടായിരുന്നവർ കസേരയും മറ്റും ഉപയോഗിച്ചാണ് വെട്ടാനുള്ള ശ്രമം തടഞ്ഞത്. ആക്രമണത്തിന് ശേഷം ഓടിപ്പോയ യുവാവിനെ വീട്ടിൽ വച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.ഈയാൾ മുമ്പും വഴിയാത്രക്കാരെയും മറ്റും ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പത്തു ദിവസമായി നിരാഹാര സമരം തുടരുകയാണ് രാജീവ് ജോസഫ്.
രാജീവ് ജോസഫിനെ അറസ്റ്റ് ചെയ്ത് നീക്കി
മട്ടന്നൂർ: ആരോഗ്യനില വഷളായതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിലാണ് രാജീവ് ജോസഫിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ രാജീവ് ജോസഫിനെ ഒരു യുവാവ് ആക്രമിച്ചതിനെ തുടർന്ന് ഡോക്ടറെത്തി പരിശോധിച്ചിരുന്നു. ആരോഗ്യനില മോശമാണെന്നും ആസ്പത്രിയിലേക്ക് മാറ്റി തുടർപരിശോധന നടത്തണമെന്നും ഡോക്ടർ അറിയിക്കുകയായിരുന്നു. എന്നാൽ സമരം നിർത്തില്ലെന്നും മരണം വരെ നിരാഹാരം തുടരുമെന്നുമാണ് രാജീവ് ജോസഫ് പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതൽ വേദിയിൽ സത്യാഗ്രഹസമരം തുടങ്ങുമെന്ന് ആക് ഷൻ കമ്മിറ്റി നേതാക്കൾ അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |