
കണ്ണൂർ: ഹരിതകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന ആദ്യ പുഴയായ കണ്ണൂരിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. കണ്ണൂർ മണ്ഡലത്തിലെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യാനായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജലസേചന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ഭാഗമായി താഴെ ചൊവ്വ ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള ഭാഗമാണ് പൂർത്തീകരിച്ചത്. പ്രവൃത്തി നടപ്പിലാക്കിയതോടെ എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചന സൗകര്യം വർദ്ധിക്കുകയും കാർഷികാഭിവൃദ്ധി കൈവരിക്കുകയും ചെയ്തു. കൂടാതെ, കാനാമ്പുഴയുടെ സൗന്ദര്യം വീണ്ടടുക്കുകയും, പൊതുജനങ്ങൾക്ക് കാൽനട യാത്രക്ക് ഉപകാരപ്പെടുന്ന രീതിയിൽ നടപ്പാത നിർമ്മിക്കുകയും സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു.
മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുളിക്കോം പാലം മുതൽ ബണ്ട് പാലം വരെയുള്ള രണ്ട് കോടി രൂപയുടെ കാനാമ്പുഴ പുനരുജ്ജീവന പ്രവൃത്തികളും പൂർത്തീകരിച്ചു. 1.80 കോടി രൂപയുടെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ മണ്ണ് സംരക്ഷണ വകുപ്പ് വഴി നടന്നു വരുന്നു.
രണ്ടാം ഘട്ടത്തിൽ റെയിൽവേ ലൈൻ മുതൽ കടലായി വരെയുള്ള ഭാഗത്തെ പ്രവൃത്തിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായ് സമർപ്പിക്കും. നാല് കോടി സർക്കാർ രണ്ട് ബഡ്‌ജറ്റിലായി അനുവദിച്ചിട്ടുണ്ട്.
4.40 കോടി രൂപയുടെ പ്രവൃത്തി
4.40 കോടി രൂപയുടെ പ്രവൃത്തിയിൽ, പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുക, കരിങ്കൽ കൊണ്ട് പാർശ്വഭിത്തി നിർമ്മിക്കുക, പാടശേഖരങ്ങളിലേക്കുള്ള ജലസേചനാവശ്യാർത്ഥം സ്ലൂയിസുകൾ നിർമ്മിക്കുക, വിനോദ സഞ്ചാര ഉദ്ദേശത്തോടു കൂടി പുഴയുടെ ഇരുവശങ്ങളിലും നടപ്പാത/ബണ്ട് നിർമ്മിക്കുക, ബണ്ടിൽ കയർ ഭൂവസ്ത്രം വിരിക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക എന്നീ പ്രവൃത്തികളാണ് നടപ്പിലാക്കിയത്.
കാനാമ്പുഴ അതിജീവന പദ്ധതി
കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ അയ്യപ്പമലയിൽ നിന്നും ഉത്ഭവിച്ച് തോട്ടടയിൽ അഴിമുഖത്ത് (ആദികടലായി) അറബിക്കടലിൽ ചെന്ന് ചേരുന്ന കാനാമ്പുഴ, ചെളിയും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച് മൃതാവസ്ഥയിൽ ആയിരുന്നു. ഉത്ഭവസ്ഥാനത്ത് ഏകദേശം അഞ്ച് മീറ്റർ വീതിയും കടലിലേക്ക് ചേരുന്ന ഭാഗത്ത് എത്തുമ്പോൾ 50 മീറ്റർ വീതിയും ഉള്ള കാനാമ്പുഴ കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ പരിധിക്കുള്ളിൽ വരുന്ന പ്രധാന ജലസ്രോതസ്സാണ്. ഈ പുഴയുടെ വൃഷ്ടിപ്രദേശം ഏകദേശം 25 ചതുരശ്ര കിലോമീറ്ററാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |