SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

രാജ്യത്തെ ആദ്യസംരംഭത്തിന്റെ പ്രവർത്തനം ഐ.എസ്.ആർ.ഒ സഹകരണത്തോടെ: കെൽട്രോണിൽ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം നാളെ പ്രവർത്തനം തുടങ്ങും

super-capasiter

മുതൽമുടക്ക് 42 കോടി

ആദ്യഘട്ടചിലവ് 18 കോടി

വാർഷിക വിറ്റുവരവ് (നാലാംവർഷമാകുമ്പോഴേക്കും) 22 കോടി

ലക്ഷ്യമിടുന്ന വാർഷികലാഭം 3 കോടി

കണ്ണൂർ: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കും.രാവിലെ 9.30 ന് കണ്ണൂർ കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനോദ്ഘാടനം നിർവഹിക്കും.വ്യവസായമന്ത്രി പി.രാജീവ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.ഉദ്ഘാടനചടങ്ങിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അടക്കമുള്ള പ്രമുഖർ സംബന്ധിക്കും.

സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പ്ലാന്റിൽ നിന്ന് തദ്ദേശീയമായി നിർമ്മിക്കുന്ന ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ ഉപകരിക്കും.ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ ഇവിടെ നിർമ്മിക്കും. പുതിയ പ്ളാന്റ് സ്ഥാപിക്കുന്നതോടെ കെ.സി.സി.എൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉല്പാദകരിലൊന്നായി മാറി.

ആദ്യഘട്ടം 18 കോടി ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. നാല് കോടി ചിലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ പതിനൊന്നിൽ പരം മെഷിനുകളും ഒന്നാംഘട്ടത്തിൽ ഒരുക്കിയിട്ടുണ്ട്.

ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങൾ വരെയുള്ളവയിൽ ഉപയോഗിക്കാനുള്ള ഏറ്റവും ഉയർന്ന ശേഷിയുള്ള സൂപ്പർ കപ്പാസിറ്ററുകളാണ് കെൽട്രോണിന്റെ ഈ പ്ളാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്നത് . ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങിയവക്കെല്ലാം ഇവ ആവശ്യമാണ്.

എ.എസ്. ആർ.ഒ സാങ്കേതിക സഹായം
ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സഹായത്തിലാണ് പ്ളാന്റ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഡി.ആർ.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്.

പൊളിയാണ് സൂപ്പർ കപ്പാസിറ്റർ...

സൂപ്പർകപ്പാസിറ്റർ അഥവാ അൾട്രാ കപ്പാസിറ്റർ / ഇലക്ട്രിക്കൽ ഡബിൾ ലേയർ കപ്പാസിറ്റർ എന്നിങ്ങനെ അറിയപ്പെടുന്ന കപ്പാസിറ്ററുകൾ ഉയർന്ന ശേഷിയുള്ളവയാണ്. അവയുടെ കപ്പാസിറ്റൻസ് സാധാരണ കപ്പാസിറ്ററുകളേക്കാൾ വളരെ ഉയർന്നതും കുറഞ്ഞ വോൾട്ടേജ് പരിധികയുള്ളവയുമാണ്. ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് ഇവ നൂറ് മടങ്ങ് ഊർജ്ജം സംഭരിക്കും. ബാറ്ററികളെ കാൾ വളരെ വേഗത്തിൽ ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയും.ഓട്ടോമോട്ടീവ്, റെന്യുവബിൾ എനർജി, ഇലക്ട്രിക്ക് വെഹിക്കിൾ, എനർജി മീറ്റർ, ഇൻവെർട്ടറുകൾ എന്നിങ്ങനെ നിരവധി ആപ്ലിക്കേഷനുകളിൽ സൂപ്പർകപ്പാസിറ്ററുകൾ ഉപയോഗിക്കുന്നു. മില്ലിവാട്ട് വൈദ്യുതി ആവശ്യങ്ങൾ തൊട്ട് നൂറുകണക്കിന് കിലോവാട്ട് വൈദ്യുതി ആവശ്യങ്ങൾ വരെ ഇവ നിറവേറ്റും. ഗതാഗതം, ഉപഭോക്തൃ ഇലക്ട്രോണിക്സ്, പ്രതിരോധ ഉപകരണങ്ങൾ, ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയിൽ സൂപ്പർകപ്പാസിറ്ററുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ബാറ്ററികളും കപ്പാസിറ്ററുകളും തമ്മിലുള്ള ദൂരം നികത്തുന്നതു കൂടിയാണ് സൂപ്പർ കപ്പാസിറ്ററുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL