
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ.വിജയനെ നുണപരിശോധനയ്ക്ക് വിധേയമാക്കുക, കളക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം നീതിപൂർവമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം ലീഗ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം.പൊലീസിന്റെ കണ്ണുവെട്ടിച്ച് കളക്ടറേറ്റിലേക്ക് കയറിയ പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. ഇതെ തുടർന്നാണ് പ്രവർത്തകരും പൊലീസും ഉന്തും തള്ളും നടന്നത്.
കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നാണ് കളക്ടറേറ്റ് മാർച്ച് തുടങ്ങിയത്. അദ്ധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു ഒരു പ്രവർത്തകൻ കളക്ടറേറ്റിലേക്ക് കയറി. പൊലീസ് ഇയാളെ പിടികൂടിയതിന് പിന്നാലെ ലീഗ് പ്രവർത്തകർ പൊലീസിന് നേരെ തിരിയുകയായിരുന്നു.ഉന്തും തള്ളുമായി പ്രശ്നം വഷളാവുമെന്ന ഘട്ടത്തിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് അറസ്റ്റുചെയ്ത പ്രവർത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പൊലീസ് തടഞ്ഞതിനെ തുടർന്ന് പൊലീസ് ക്ലബ്ബിന് മുന്നിലെ റോഡ് പ്രവർത്തകർ ഉപരോധിച്ചു. ഒടുവിൽ പ്രവർത്തകനെ വിട്ടയച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി മാർച്ച് ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സഹദുള്ള, കെ.എ.ലത്തീഫ്, കെ.പി.താഹിർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |