
നീലേശ്വരം: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലെ 70 വയസ് വിഭാഗത്തിൽ 400 മീറ്റർ നടത്ത മത്സരത്തിൽ ഒന്നാമതെത്തിയത് തലശ്ശേരി അരങ്ങേറ്റ് പറമ്പിലെ സുകുമാരൻ. നൂറ്റിയൊന്നിന്റെ നിറവിലാണ് ഈ ഒന്നാംസ്ഥാനമെന്നറിയുമ്പോഴാണ് ആ ഒന്നാംസ്ഥാനം വെറുമൊരു ഒന്നാംസ്ഥാനമല്ലെന്ന് ബോദ്ധ്യപ്പെടുക.
തലശ്ശേരിയിൽ ഹൈസ്കൂൾ കാലത്ത് തുടങ്ങിയതാണ് അത്ലറ്റിക്സിനോടുള്ള ഇഷ്ടം. അന്ന് ഒന്നാമതെത്തിയൊന്നുമില്ല.കൂട്ടത്തിലുള്ളവരെല്ലാം തുടക്കത്തിൽ തന്നെ അത്‌ലറ്റിക് ട്രാക്ക് വിട്ടപ്പോൾ നൂറ്റിയൊന്നിലും സുകുമാരൻ ട്രാക്കിലുണ്ട്. ബ്രണ്ണൻ കോളേജിലും, എറണാകുളം മഹാരാജാസ് കോളേജിലും എത്തിയതോടെ അത്‌ലറ്റിക്സിനെ കാര്യമായെടുത്തത്. ജൂനിയർ, സീനിയർ മത്സരങ്ങളിൽ പലകുറി ഒന്നാമതായി. 1934ൽ കൊച്ചിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ജയിച്ച ഓർമ്മ ഇതിലൊന്നാണ്.
ഇടക്ക് കളരിപ്പയറ്റും പഠിച്ചതോടെ ശരീരം ഉറച്ചു. തലശ്ശേരി ബി.ഇ.എം ഹൈസ്കൂളിൽ പതിനെട്ട് വർഷത്തോളം അദ്ധ്യാപകനായി ജോലി ചെയ്തു. ഇതിന് ശേഷം 34 വർഷത്തോളം വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 76 വയസ് വരെ അദ്ധ്യാപക ജോലിയിലുണ്ടായിരുന്നു. 2001ൽ നാട്ടിൽ തിരിച്ച് വന്നതിന് ശേഷം കായിക ഇനങ്ങളിൽ മത്സരിക്കാൻ പ്രാക്ടീസ് ചെയ്തുതുടങ്ങി. ഇന്നലെ നടന്ന 400 മീറ്റർ നടത്തത്തിൽ സുകുമാരൻമാസ്റ്റർ മാത്രമാണ് മത്സരം പൂർത്തിയാക്കിയത്. 92 വയസ്സുകാരിയായ ഭാര്യ കൗസല്യയോടൊപ്പം അരങ്ങേറ്റുപറമ്പിലാണ് താമസം. ഒൻപതു മക്കളിൽ ഒരാൾ ഇന്നില്ല. മറ്റുള്ളവർ ഇംഗ്ലണ്ട് അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങളിൽ ഉന്നതപദവിയിലുള്ള ജോലികളിലാണ്.
തികഞ്ഞ സസ്യാഹാരിയായ താൻ ജീവിതത്തിൽ ഒരിക്കൽ പോലും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സുകുമാരൻ മാസ്റ്റർ പറയുന്നു. പാലും നേന്ത്രപ്പഴവുമാണ് ഇപ്പോൾ കഴിക്കുന്നത്. ശരീരത്തെ നന്നായി ശ്രദ്ധിക്കണമെന്നാണ് ഇദ്ദേഹത്തിന് പുതിയ തലമുറക്ക് കൊടുക്കാനുള്ള ഉപദേശം.നൂറ്റിയൊന്നാം വയസിലും ദിവസവും 800 മീറ്ററോളം നടന്നാണ് മാസ്റ്ററുടെ പരിശീലനം. ഇന്നുവരെ കാര്യമായ അസുഖം ബാധിച്ചിട്ടില്ലെന്നും ആശുപത്രിയിൽ അതുകൊണ്ടുതന്നെ അധികം പോകേണ്ടിവന്നിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |