
കണ്ണൂർ:നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ ഓടിക്കയറുന്നതിനിടയിലും ട്രാക്കിൽ വീണും റെയിൽവേ സ്റ്റേഷനുകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു.ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ മാത്രം നിരവധി അപകടങ്ങളാണ് ഇത്തരത്തിൽ ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഉണ്ടായത്.
കഴിഞ്ഞ ദിവസം കന്യാകുമാരി- മംഗളൂരു പരശുറാം എക്സ്പ്രസിൽ ഓടിക്കയറുന്നതിനിടെയാണ് ചെറുവത്തൂർ സ്വദേശി രമേശ് കാൽതെന്നി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണതാണ് ഏറ്റവുമൊടുവിലത്തെ അപകടം. ആർ.പി.എഫും റെയിൽവേ പൊലീസും യാത്രാക്കാരും ചേർന്നാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.കഴിഞ്ഞ ആഴ്ച്ച ഉച്ചക്ക് കണ്ണൂർ-എറണാകുളം ഇന്റർസിറ്റിയിൽ കയറുന്നതിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാറാത്ത് സ്വദേശിയായ കാസിം മരിച്ചതാണ് മറ്രൊരു അപകടം. രണ്ടരമാസം മുമ്പ് തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവ് ട്രെയിനിനടിയിൽപ്പെട്ട് മരിച്ചിരുന്നു.ഒക്ടോബർ രണ്ടിന് രാവിലെ 10.50ന് കോയമ്പത്തൂർ - മംഗളൂരു എക്‌സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറിയതായിരുന്നു ഈ യുവാവ്.
കഴിഞ്ഞ നവംബർ മൂന്നിന് കണ്ണൂരിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ വീണ മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇരിട്ടി കിളിയന്തറ സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒന്നാം പ്ലാറ്റ്‌ഫോമിലെ കടയിൽ ബിസ്‌കറ്റ് വാങ്ങുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ സ്ലീപ്പർ കമ്പാർട്ട്മെന്റിലേക്ക് ഓടിക്കയറുന്നതിനിടെയായിരുന്നു അപകടം. തൊട്ടുപിന്നിലുണ്ടായിരുന്ന പലഹാര വിൽപ്പനക്കാരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ട്രാക്കിലേക്ക് വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവെ ഉദ്യോഗസ്ഥരും യാത്രക്കാരും ഒച്ചവച്ച് ട്രെയിൻ നിർത്തിയ ശേഷമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി പുറത്തേക്ക് വീണ വൃദ്ധനെ ഒരു പൊലീസുകാരനാണ് രക്ഷിച്ചത്. ചായ വാങ്ങാനായി പുറത്തിറങ്ങിയ വൃദ്ധൻ ട്രെയിൻ നീങ്ങി തുടങ്ങിയതോടെ ചായക്കപ്പുമായി ഓടിക്കയറിയെങ്കിലും പിടിവിട്ട് പിന്നോട്ടേക്ക് മറിഞ്ഞു. സമീപമുണ്ടായിരുന്ന പൊലീസുകാരൻ ഇദ്ദേഹത്തെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടതാണ് രക്ഷയായത്.
അപകടം വിളിച്ചു വരുത്തുന്നു
ജില്ലയിലെ വിവിധ റെയിൽവെ സ്റ്റേഷനുകളിൽ അപകടത്തിൽപ്പെട്ട സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളിലെല്ലാം യാത്രക്കാരുടെ അശ്രദ്ധയാണ് കാണുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ജീവൻ തിരിച്ചുകിട്ടിയവർ ഏറെയാണ്.
ജീവനാണ്, ശ്രദ്ധ വേണം
നീങ്ങിത്തുടങ്ങിയാൽ കയറാനും ഇറങ്ങാനും ശ്രമിക്കരുത്
ഇറങ്ങുമ്പോഴും കയറുമ്പോഴും ഫോൺ സംസാരം ഒഴിവാക്കണം
ചവിട്ടുപടികളിൽ ഇരുന്നു യാത്ര ചെയ്യരുത്.
തുറന്നിട്ട വാതിലിനു സമീപത്തെ വാഷ്‌ബേസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം
ട്രെയിൻ എത്തുന്നതിന് കുറച്ചു മുമ്പെങ്കിലും സ്റ്റേഷനിൽ എത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |