SignIn
Kerala Kaumudi Online
Thursday, 22 October 2026 5.32 PM IST

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്; വീണ്ടും വീണു നിരപരാധികളുടെ ചോര

bomb

കണ്ണൂർ: മാലൂർ പൂവൻപൊയിലിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു.
വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് വാഴത്തോട്ടത്തിലെ കാട് വൃത്തിയാക്കുന്നതിനിടയിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ചത് ബോംബ് ആണോയെന്ന് വിശദപരിശോധനയിൽ മാത്രമെ സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളികൾ കൈക്കോട്ടു കൊണ്ട് വൃത്തിയാക്കുന്നതിനിടെയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്.ഒരാളുടെ കൈയിലും ഒരാളുടെ മുഖത്തുമാണ് പരിക്കേറ്റത്. സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. പൊട്ടിത്തെറിച്ചത് പഴക്കമുള്ള സ്‌ഫോടകവസ്തുവാണെന്നാണ് പ്രാഥമിക വിവരം.

വീണ്ടും പൊട്ടിത്തെറിക്കുന്നു ഒഴിഞ്ഞ പറമ്പുകൾ;

പ്രതികൾ കാണാമറയത്ത്
ആളൊഴിഞ്ഞ പറമ്പിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുന്നത് കണ്ണൂരിൽ പലതവണ ആവർത്തിച്ചതിനാൽ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ പരിഗണിക്കുന്നത്.എരഞ്ഞോളിയിൽ തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടി തൊണ്ണൂറുകാരൻ കൊല്ലപ്പെട്ടിരുന്നു. ഈ ബോംബ് കേസിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. തൊണ്ണൂറുകാരനായ വേലായുധൻ തൊട്ടടുത്തുളള ആളില്ലാത്ത വീട്ടിലെ പറമ്പിൽ ഉച്ചക്ക് തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടത്തിൽപെട്ടത്. 25 വർഷത്തിനിടെ സമാനമായ ഇരുപതിലേറെ സ്‌ഫോടനങ്ങൾ കണ്ണൂർ ജില്ലയിൽ ഉണ്ടായിട്ടുണ്ട്.ഒരെണ്ണത്തിൽപ്പോലും ബോംബുണ്ടാക്കിയവരെയോ ഒളിപ്പിച്ചവരെയോ കണ്ടെത്താനായില്ല.

5വർഷം 250 ബോംബുകൾ

അഞ്ച് വർഷത്തിനിടെ ജില്ലയിൽ കണ്ടെത്തിയത് 250 ലധികം ബോംബുകളാണ്. 2024ൽ മാത്രം 19 ബോംബുകൾ കണ്ടെത്തി. കല്ലും കുപ്പിച്ചില്ലും ആണിയും വെടിമരുന്നും നിറച്ച് നൂലുകെട്ടുന്ന നാടൻ ബോംബുകളും സ്റ്റീൽ പാത്രം ഉപയോഗിക്കുന്ന സ്റ്റീൽ ബോംബുകളുമാണ് വ്യാപകം. രാഷ്ട്രീയപ്പാർട്ടികളും ക്വട്ടേഷൻ സംഘങ്ങളുമാണ് ഇതിന്റെ ഗുണഭോക്താക്കൾ. പൊട്ടിത്തെറിയിൽ അപകടമുണ്ടാകുമ്പോൾ മാത്രം നിർമ്മാണസംഘങ്ങളെ പിടികൂടുമെങ്കിലും തുടർ നടപടികളുണ്ടാകാറില്ല.

വേരറുക്കാനാകാതെ പൊലീസ്

കണ്ണൂരിൽ വീടിന്റെ ടെറസിൽ നിന്ന് ഐസ്‌ക്രീം ബോംബുകൾ പിടികൂടിയത് കഴിഞ്ഞയാഴ്ച. അതിനും ദിവസങ്ങൾക്ക് മുൻപ് പാനൂരിൽ സ്‌ഫോടനം നടന്നത് നടുറോഡിൽ. ഉഗ്രസ്‌ഫോടക ശേഷിയുള്ള രണ്ടു ബോംബുകളാണ് പൊട്ടിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. പയ്യന്നൂരിൽ കൊലക്കേസ് പ്രതിയുടെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിയതും ഈയിടെയാണ്. ഉളിക്കൽ പരിക്കളത്ത് വീടിന്റെ ടെറസിലെ ബോംബ് സ്ഫോടനത്തിൽ മൈലപ്രവൻ ഗിരീഷിനെ (37) അറസ്റ്റുചെയ്തിരുന്നു.ഇവിടെ നടത്തിയ പരിശോധനയിൽ മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച ബോംബുകളും കണ്ടെത്തിയിരുന്നു. ആർ.എസ്.എസ് മുൻ താലൂക്ക് ശിക്ഷക് പ്രമുഖായിരുന്ന ഗിരീഷ് കഴിഞ്ഞ ജനുവരിയിലാണ് സി.പി.എമ്മിൽ ചേർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL