
കണ്ണൂർ : കണ്ണപുരത്തെ റിജിത്തിന്റെ കൊലയിൽ കലാശിച്ച ആക്രമണത്തിൽ പരിക്കേറ്റവരിലൊരാളാണ് നാട്ടുകാരനും ഉറ്റസുഹൃത്തുമായ വിമൽ. ഇന്നും മനസ്സിൽ ആ രാത്രിയുടെ ഓർമ്മ തളം കെട്ടി നിൽക്കുന്നുവെന്നാണ് വിമൽ കേസിലെ വിധി പുറത്തുവന്ന ദിവസം പ്രതികരിച്ചത്.
ഒട്ടും പ്രതീക്ഷാതെയായിരുന്നു ഇരുട്ടിന്റെ മറവിൽ പതുങ്ങിയിരുന്ന ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ തന്റെ തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു.ഇന്നും അതിന്റെ അസ്വസ്ഥതകളുമായാണ് താൻ ജീവിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.സുഹൃത്തുക്കളായ നികേഷ്, വികാസ്, സജീവൻ എന്നിവരുമുണ്ടായിരുന്നു.നിർമ്മാണതൊഴിലാളികളായിരുന്നു ഇവരെല്ലാവരും.
ജോലി കഴിഞ്ഞ് സംസാരിച്ച് കൊണ്ട് വരുന്നതിനിടെയാണ് തങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. വിമലും സജീവനും തങ്ങളുടെ സൈക്കിളുകളും ഉന്തിക്കൊണ്ട് നടക്കുകയായിരുന്നു.തൊട്ടു മുൻപിലും പിന്നിലുമായി റിജിത്തും നികേഷും വികാസും. സംസാരിച്ച് നടന്നു നീങ്ങുമ്പോൾ തൊട്ടടുത്ത കിണറിന് സമീപം പ്രതികളായ പത്ത് പേരും മാരകായുധങ്ങളുമായി കാത്തിരിക്കുന്നത് അറിഞ്ഞിരുന്നില്ലെന്ന് വിമൽ പറഞ്ഞു. ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പഞ്ചായത്ത് കിണറിന് സമീപത്ത് വച്ച് സംഘം ചാടി വീണ് ആക്രമിച്ചത്. കത്തി,വാൾ ,കടാര എന്നിവ കൊണ്ടായിരുന്നു ആക്രമണം. കുത്തേറ്റ റിജിത്ത് അവിടെ വച്ചു തന്നെ മരിച്ചു.സംഭവത്തിന്റെ തലേ ദിവസം ചെറിയ തർക്കമുണ്ടായിരുന്നുവെങ്കിലും ഇത്രയും ഭീകരമായ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിമൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |